ബസ് കയറാനുള്ള വീതിയില്ല; ഉപയോഗ ശൂന്യമായി പൂത്തോട്ട സ്റ്റാൻഡ്

ഉദ്ഘാടനം കഴിഞ്ഞു ഒന്നര പതിറ്റാണ്ട്   പിന്നിട്ടെങ്കിലും ഒരു ബസ് പോലും കയറാതെ ഉപയോഗശൂന്യമായി തുടരുകയാണ് പൂത്തോട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ്. റോഡിന്റെ വീതിക്കുറവുമൂലം ബസ്  സ്റ്റാന്റ് ഒഴിവാക്കിയാണ് സ്വകാര്യ ബസുകൾ ഓടുന്നത്.

ബസ് സ്റ്റാന്റിന്റെ നിർമാണവും നവീകരണവുമൊക്കെ ആഘോഷമായി തന്നെ പൂർത്തിയാക്കി.ലക്ഷങ്ങൾ മുടക്കിയ ശുചിമുറിയും കാത്തിരിപ്പുകേന്ദ്രവുമൊക്കെയുണ്ട്. ഇനി ഇല്ലാത്തത് ബസ് കയറി ചെല്ലാനുള്ള വഴിയാണ്. കഷ്ടിച്ച് ഒരു ബസിന് കയറി ചെല്ലാനുള്ള വഴിയാണ് ബസ് സ്റ്റാന്റിലേക്കുള്ളത്.രണ്ടു ബസുകൾ ഒരേ സമയം എത്തിയാൽ കുടുങ്ങിയത് തന്നെ.

വർഷങ്ങളായി ബസ് സ്റ്റാന്റിലേക്കുള്ള റോഡിന്റെ കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടു നാട്ടുകാരും പ്രതീക്ഷ കൈവിട്ടു.ഇപ്പോൾ ഡ്രൈവിങ് പരിശീലനമാണ് ഇവിടെ നടക്കുന്നത്. വഴിക്ക് വീതി കൂട്ടാൻ പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. സ്റ്റാൻഡ് ഒഴിവാക്കി ജംഗ്ഷനിൽ തന്നെ ബസുകൾ തിരിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുമുണ്ട്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ബസ് സ്റ്റാന്റ് അനാഥമായി കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ.