ഉദ്ഘാടനത്തിന് മുമ്പേ ചോർന്നൊലിച്ച് 16 കോടിയുടെ കെഎസ്ആര്‍‌ടിസി ഡിപ്പോ; ദയനീയം

തൊടുപുഴയിലെ പുതിയ കെഎസ്ആര്‍‌ടിസി ഡിപ്പോ തുറക്കാന്‍ നടപടിയില്ല. മഴ പെയ്താലും വെയിൽ തെളിഞ്ഞാലും യാത്രക്കാര്‍ക്ക് ദുരിതയാത്രയാണിവിടെ. പ്രേതാലയംപോലെകിടക്കുന്ന ഡിപ്പോ മന്ദിരത്തിന്റെ അവസാനഘട്ട നിര്‍മാണത്തിന് അനുവദിച്ച ഫണ്ടും അധികൃതര്‍ കീശയിലാക്കിയെന്നാണ് ആരോപണം.

ഇത് തൊടുപുഴ നഗരസഭയിലെ തെരുവുനായ പരിപാലന കേന്ദ്രമല്ല. കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാന്‍ഡാണ്. 130 ഡ്രൈവർമാരും, 140 കണ്ടക്ടർമാരും, 50 മെക്കാനിക്കൽ ജീവനക്കാരും , 20 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നുണ്ട് ഇവിടെ. ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്നയിടം. ഈ അസൗകര്യങ്ങളില്‍നിന്ന്  കരകയറാന്‍ നിര്‍മിച്ച പുതിയ ഡിപ്പോയാണിത്. ഇതിന്റെ സ്ഥിതിയാകട്ടെ അതി ദയനീയം, പതിനാറുകോടിയുടെ കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പെ ചോര്‍ന്നൊലിക്കുന്നു. 

ഈ ഡിപ്പോ ഉടന്‍തുറക്കുമെന്ന് നാട്ടുകാരെ പറഞ്ഞുപറ്റിക്കുന്ന കെഎസ്ആര്‍ടിസി ബോര്‍ഡ് അംഗവും, മറ്റ്  അധികൃതരും ജനപ്രതിനിതികളും തൊടുപുഴക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. പുതിയ ഡിപ്പോയുടെ  ഭൂമിയിലും കയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പഴയ സ്റ്റാന്‍ഡിന് സമീപമുള്ള വ്യാപാരികളില്‍ നിന്ന് കൈക്കൂലി വാങ്ങി പുതിയ ഡിപ്പോ പ്രവര്‍ത്തനം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.