റോഡിലേക്ക് ചാഞ്ഞ് മരം; മുറിച്ചു മാറ്റാതെ കോർപറേഷൻ; അപകടഭീഷണി

ആളെക്കൊല്ലിയായി കൊച്ചി സലിം രാജന്‍ റോഡില്‍ ചാഞ്ഞുനില്‍ക്കുന്ന മരം. സ്ഥിരമായി കെഎസ്ആര്‍ടിസി ബസുകള്‍ കടന്നപോകുന്ന വഴിയില്‍ മരത്തില്‍ ബസിടിച്ചുള്ള അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ബസിന്റെ കാരിയര്‍ തകര്‍ന്നുവീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മരം മുറിച്ചുമാറ്റാന്‍ ഇതുവരെ കൊച്ചി കോര്‍പറേഷന്‍ നടപടിയെടുത്തിട്ടില്ല.

കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ വഴികളിലൊന്നാണ്  സലിം രാജന്‍ . കടവന്ത്ര കത്രിക്കടവ് റോഡിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത. കെഎസ്ആര്‍ടിസി സൗത്ത് സ്റ്റാന്റില്‍ നിന്ന് സ്ഥിരമായി ബസുകള്‍ പോകുന്ന വഴിയും ഇതാണ്. ഇവിടയാണ് വില്ലനായി ഈ മരം നില്‍ക്കുന്നത്. 

അപകടങ്ങള്‍ ഏറെയും രാത്രിയിലാണ്. എതിര്‍വശത്തുനിന്നൊരു വാഹനം വന്നാല്‍ കഷ്ടിച്ചാണ് കടന്നുപോകുന്നത്. ബസ് മാത്രമല്ല ചെറുവാഹനങ്ങള്‍ക്കും ഇതുവഴിയുള്ള യാത്ര പേടി സ്വപ്നമാണ്.

ഫയര്‍ഫോര്‍സ് അധിക‍ൃതരോട് മരം മുറിയ്ക്കാനാവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലെന്നും തനിയെ പൊരിഞ്ഞുവീണാല്‍ ശിഖിരങ്ങള്‍ വെട്ടിമാറ്റാന്‍ സഹായിക്കാമെന്നുമായിരുന്നു മറുപടി. നഗരസഭയിലടക്കം പരാതികൊടുത്തിട്ടം ഫലമില്ലെന്നു പറയുന്ന നാട്ടുകാര്‍ വലിയൊരു അപകടത്തിനായി അധികൃതര്‍ കാത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.