എറണാകുളത്ത് കോവിഡ് ബാധിതർ കൂടുന്നു; രണ്ടാം തരംഗമെന്ന് സൂചന

എറണാകുളം ജില്ലയില്‍ കോവിഡ് പൊസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതും എറണാകുളത്ത് തന്നെ.  ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്നത് രണ്ടാം തരംഗത്തിന്റെ സൂചനയായാണു ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍.

കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള തദ്ദേശതിരഞ്ഞെടുപ്പ് അങ്കം. അതിന് പിറകേ ക്രിസ്മസ് ആഘോഷത്തിനായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് ദിവസേന ഉയരുന്ന കോവിഡ് കണക്കുകളെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചനയും. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം ആറായിരത്തിനടുത്തെത്തി. ടെസ്റ്റ് പോസിറ്റിവി നിരക്കും വീണ്ടും പത്തിന് മുകളിലെത്തി. ജില്ലയിൽ ഉറവിടമറിയാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും നാള്‍ക്ക് നാള്‍ ഉയരുകയാണ്. ജൂലൈയിൽ മൊത്തം കോവിഡ് പോസിറ്റീവാകുന്നവരിൽ 1.74% പേരായിരുന്നു ഉറവിടമറിയാതെ ഉണ്ടായിരുന്നത്. എന്നാൽ ‍ഡിസംബറിലെത്തിയപ്പോൾ ഇത് 38.83 ശതമാനമായി ഉയർന്നു.

ഉറവിടമറിയാതെ പോസിറ്റീവാകുന്നവരിൽ കൂടുതൽ പേരും 30നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്നതു കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനയായാണു ജില്ലാ ആരോഗ്യ വിഭാഗം വിലയിരുത്തുന്നത്. ഒന്നാം തരംഗത്തിലേതിനേക്കാൾ കൂടുതൽ പേർ രണ്ടാം തരംഗത്തിൽ രോഗബാധിതരാകാമെന്നും കരുതുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് പോസിറ്റീവായത് 78,714 പേർ. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 2.27% പേർ വരുമിത്. അതായത് 44 പേരിൽ ഒരാൾക്ക് എന്ന തോതിൽ കോവിഡ് ബാധയുണ്ടായി.  കൂടുതൽ പേർ പോസിറ്റീവാകുന്നതു കൊച്ചി കോർപറേഷനിലാണ്. പള്ളിപ്പുറം, പായിപ്ര പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകളുടെ എണ്ണം  കൂടുതലാണ്. അതേ സമയം മരണ നിരക്ക് എറണാകുളം ജില്ലയിൽ കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‌ട്ട്. 30 വയസ്സിനു താഴെയുള്ളവരിൽ മരണ നിരക്ക് 0.01% മാത്രമാണ്.