തലവേദനയായി വീണ്ടും മാരിയാർ പൂതം; വല വിരിച്ച് പൊലീസും നാട്ടുകാരും

നാടാകെ ഭീതി വിതയ്ക്കുന്ന മരിയാര്‍ പൂതമെന്ന കള്ളനെ പിടിക്കാന്‍ സന്നദ്ധ സേനയൊരുക്കി പൊലീസ്. എറണാകുളം നോര്‍ത്തിലാണ് നാനൂറ്റിയന്‍പതുപേരുടെ സേന രൂപീകരിച്ചിരിക്കുന്നത്. രാത്രിയിലും പകലും സംയുക്ത പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

എറണാകുളം നോര്‍ത്തില്‍ തുടര്‍മോഷണങ്ങള്‍ പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവാണ് മരിയാര്‍പൂതം. 2018 ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മരിയാര്‍പൂതം രണ്ടുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങി. ഇതിന് പിന്നാലെ പലയിടത്തും മോഷണശ്രമമുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് മരിയാര്‍പൂതം വീണ്ടും സജീവമായെന്ന് മനസിലായതോടെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ സന്നദ്ധ സേന രൂപീകരിച്ചത്. മൂന്നുപേര്‍ വീതമുള്ള നാല് ഗ്രൂപ്പുകള്‍ എല്ലാദിവസവും രാത്രിയില്‍ പട്രോളിങ് നടത്തും. പൊലീസിന്റെ സഹായവുമുണ്ടാകും. പകല്‍ സമയങ്ങളില്‍ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ പരിശോധന നടത്താനും, കാടുപിടിച്ച പറമ്പുകള്‍ വെട്ടിത്തെളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

റസിഡ‍ന്‍സ് അസോസിയേഷനുകളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ എല്ലാ വീടുകളിലെയും ലൈറ്റുകള്‍ രാത്രിയില്‍ തെളിച്ചിടാനും തീരുമാനിച്ചു. അന്‍പത്തിയെട്ടു വയസുള്ള മരിയാര്‍പൂതം കുളച്ചലില്‍നിന്ന് വന്ന് മോഷണം നടത്തുന്ന രീതി മാറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്.