നാട്ടിലേക്കിറങ്ങി കാട്ടുപന്നികൾ; ഒന്നരയേക്കറിലെ കൃഷി നശിപ്പിച്ചു

പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയില്‍മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം തിരുവല്ല നഗരത്തോടടുത്ത പ്രദേശങ്ങളിലും രൂക്ഷമായി. കുറ്റൂരില്‍ കാട്ടുപന്നിക്കൂട്ടം കൃഷിനശിപ്പിച്ചു. നഗരത്തോ‌ടു ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത്   കാട്ടുപന്നികള്‍ എങ്ങനെയെത്തിയെന്ന അമ്പരപ്പിലാണ് കര്‍ഷകര്‍.

തിരുവല്ലയ്ക്കടുത്ത് കുറ്റൂര്‍ ചിറ്റയ്ക്കാട്ട് ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. ചന്ദ്രഭവനില്‍ ജയചന്ദ്രന്‍, രാധാഭവനില്‍ രാധാകൃഷ്ണക്കുറുപ്പ് എന്നിവരാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. വാഴ, ചേമ്പ്, കപ്പ, ചേന തുടങ്ങിയ വിളകളാണ് കുത്തിമറിച്ചത്.

മലയോര മേഖലയില്‍ മാത്രമുണ്ടായിരുന്ന കാട്ടുപന്നികള്‍ എങ്ങനെ നഗരത്തോടടുത്ത മേഖലയില്‍ എത്തിയെന്നറിയാത്ത അമ്പരിപ്പിലാണ് പ്രദേശവാസികള്‍.ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടുപന്നിശല്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. പൊതുപ്രവര്‍ത്തകരും കൃഷി ഉദ്യോഗസ്ഥരും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.കാടുപിടിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങള്‍ കുറ്റൂരിലുണ്ട്.  വനത്തില്‍നിന്ന് പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട്  കാട്ടുപന്നികള്‍ എത്തിയതാകാം എന്ന സംശയമാണ് പ്രദേശവാസികള്‍ക്കുള്ളത്.