ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ സമഗ്ര അന്വേഷണം വേണം; ഗോത്ര സംരക്ഷണ സമിതി

പത്ത് പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്ന ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരായ പരാതിയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗോത്ര സംരക്ഷണ സമിതി. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം സജീവമായതോടെയാണ് ഗോത്ര സംരക്ഷണ സമിതി വിഷയത്തില്‍ ഇടപെട്ടത്. ആരോപണം അടിസ്ഥാനരഹിതമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

ഖാദി ബോര്‍ഡിന്റെ ഓണസമ്മാനമായ പത്ത് പവന്‍ സ്വര്‍ണം ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ എംആര്‍ അജിത്തിന്റെ പരാതി. കഴിഞ്ഞ രണ്ടാം തിയതി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജനില്‍ നിന്ന് അജിത്ത് സമ്മാനം ഏറ്റുവാങ്ങി. യാത്രക്കിടെ സമ്മാനം ജിയോ മാത്യുവിനെ സൂക്ഷിക്കാന്‍  ഏല്‍പ്പിച്ചുവെന്നും പിന്നീട് തിരികെ തരാതെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അജിത് ആരോപിക്കുന്നു.

അതേസമയം, താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വിരോധവുമാണ് പരാതിക്ക് കാരണമെന്ന്   തെളിവ് സഹിതം ജിയോ മാത്യു വ്യക്തമാക്കി. അജിത്തിന്റെ പരാതിയില്‍ തൊടുപുഴ പൊലീസ് അന്വേഷണം തുടരുകയാണ്