ടീ കമ്പനിയിലെ തൊഴിലാളികൾക്ക് നൽകിയ സ്ഥലങ്ങൾ കയ്യേറുന്നു: പരാതി

ഇരുപത് വർഷം മുമ്പ് പൂട്ടിപ്പോയ പീരുമേട് ടീ കമ്പനിയിലെ  തൊഴിലാളികൾക്ക് വീതിച്ച് നൽകിയ സ്ഥലങ്ങൾ അനധികൃതമായി കയ്യേറുന്നെന്ന് പരാതി.  ഉടമ ഉപേക്ഷിച്ചു പോയ തോട്ടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾക്ക് വീതിച്ച് നൽകിയത്. ഈ ഭൂമിയാണ് ചില യൂണിയൻ നേതാക്കളുടെ ഒത്താശയോടെ കയ്യേറി കൃഷിയിറക്കുന്നത്.

ഇരുപത് വർഷം മുമ്പാണ് പീരുമേട്  തേയില കമ്പനി ഉടമ ഉപേക്ഷിച്ച് പോയത്.  തുടർന്ന് സംയുക്ത ട്രേയ്ഡ് യൂണിയനുകൾ തോട്ടം സംരക്ഷണ സമിതിക്ക് രൂപം നൽകി  ഒരു തൊഴിലാളിക്ക്  2000 തേയില ചെടികൾ വീതം വീതിച്ച് നൽകി. ഇങ്ങനെ വീതിച്ച് നൽകിയ സ്ഥലങ്ങൾ തൊഴിലാളികൾ തന്നെ സംരക്ഷിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ ഇതിന് വിപരീതമായി ചില യൂണിയന്‍  പ്രാദേശിക നേതാക്കള്‍   തൊഴിലാളികളില്‍നിന്ന്   രേഖകൾ ഉണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് സ്ഥലം പാട്ടത്തിന് നൽകുകയാണ്.

ഭൂമി പാട്ടത്തിന് നൽകുന്ന തൊഴിലാളികൾക്ക് തുച്ഛമായ പണം നൽകിയാണ്  പുറത്തുള്ളവർ തോട്ടം കൈക്കലാക്കുന്നത്.പിന്നീട് പാട്ടം പുതുക്കി നൽകാതെ  തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. തോട്ടം ഭൂമി പാട്ടത്തിന് എടുത്ത ശേഷം ഇതിലുള്ള മരങ്ങൾ വെട്ടിക്കടത്തുന്നത് സ്ഥിരമായി.  

ഉപ്പുതറ മൂന്നാം ഡിവിഷനിലാണ് കൂടുതൽ കൈയ്യേറ്റം നടക്കുന്നത്. കൃഷി ചെയ്യുന്നതിനായി ഇവിടെ നിന്നും വൻമരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്.  കൈയേറിയ സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലാണ്   സംയുക്ത തോട്ടം സംരക്ഷണ സമിതി.