ഫാം കാടുകയറി നശിക്കുന്നു; കുമളിയിലും പരിസരത്തും കന്നുകാലി ശല്യം

ഇടുക്കി കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും കന്നുകാലി ശല്യം രൂക്ഷം. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത്  നിർമ്മാണമാരംഭിച്ച കന്നുകാലി ഫാം  കാടുകയറി നശിക്കുകയാണ്. ഫാം പ്രവർത്തനം ആരംഭിക്കാത്തതിനാൽ  അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ ഇടമില്ല.

കുമളി ടൗണിലും പരിസര പ്രദേശങ്ങളിലുമായി നിരവധി കന്നുകാലിളാണ്  ഇങ്ങനെ  അലഞ്ഞു നടക്കുന്നത്.  കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഇവ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാത്രി  മഴ പെയ്താൽ  മൂടൽമഞ്ഞ് കാരണം കാലികൾ  റോഡുകളിലും, കൊടും വളവുകളിലും കിടക്കുന്നത് 

കാണാൻ കഴിയില്ല. ഇവ അപകട സാധ്യത വർധിപ്പിക്കുന്നു.  പകൽ  കടകൾക്ക് മുമ്പിലാണ് ഇവയുടെ കിടപ്പും.. മാർഗ തടസമുണ്ടാക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് കോടതി നിർദേശമുണ്ടെങ്കിലും അസൗകര്യങ്ങൾ കാരണം പഞ്ചായത്തിനും ഒന്നു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2015 ൽ ഇവയെ   കെട്ടിയിടുന്നതിനായി മൃഗാശുപത്രിയ്ക്ക് സമീപം  ഫാം  നിർമ്മാണം  തുടങ്ങിയെങ്കിലും  ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. 

കന്നുകാലികളെ കെട്ടിയിടുമ്പോൾ ഉടമസ്ഥരുടെ കൈയ്യിൽ നിന്നും ഈടാക്കുന്ന തുക, സമയപരിധി, ഇവകളെ കെട്ടിയിടുമ്പോൾ സംരക്ഷിക്കേണ്ടതാര് തുടങ്ങിയ കാര്യങ്ങളിലുൾപ്പടെ നിയമാവലി പൂർത്തിയാക്കാനുള്ള തടസങ്ങളാണ്  ഫാം  പ്രവര്ത്തനത്തെ പിന്നോട്ട് കൊണ്ടു പോകുന്നത്.