ഒഴുകിയെത്തിയ വൻമരം മുറിച്ചുമാറ്റിയില്ല; പാറമേക്കാവ് പാലം അപകടത്തിൽ

ഇടുക്കി നെടുങ്കണ്ടം തേഡ്ക്യാമ്പിൽ പാലത്തിലടിഞ്ഞ വന്‍മരം മുറിച്ചു മാറ്റാന്‍ നടപടിയില്ല.  അല്ലിയാറിലൂടെ ഒഴുകിയെത്തിയ മരം  പാറമേക്കാവ്  പാലത്തിൽ ഇടിച്ച് നിൽക്കുവാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടു.  മരം തങ്ങിയതോടെ പാലം അപകടാവസ്ഥയിലാണ്.

കരുണാപുരം ഗ്രാമപഞ്ചായത്തിലെ 2, 17 വാർഡുകളും പാമ്പാടുംപാറ പഞ്ചായത്തിലെ എട്ടാം വാർഡും അതിർത്തി പങ്കിടുന്ന പാലമാണ് തേഡ്ക്യാമ്പ് പാറമേക്കാവ് പാലം.  പെരുമഴയിൽ കടപുഴകി ഒഴുകിയെത്തിയ വന്മരം കഴിഞ്ഞ ആറുമാസമായി പാലത്തിന്റെ  തൂണുകളിൽ ഇടിച്ച് നിൽക്കുകയാണ്. 32 വർഷം മുമ്പ് പണിത പാലത്തിന്റെ  അടിയിലെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയാണ്. മരം വന്ന് അടിഞ്ഞതോടെ  പാലം കൂടുതൽ അപകടാവസ്ഥയിലായി.

ഈ മരം മുറിച്ചു മാറ്റുവാൻ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണ് ഇത്.ഈ പാലം കടന്നു വേണം സ്വകാര്യ കോളേജ്, വിദ്യാലയങ്ങൾ,തേഡ്ക്യാമ്പ് ടൗൺ എന്നിവിടങ്ങളിലേക്ക് എത്തുവാൻ.അടിയന്തരമായി മരം മുറിച്ചുമാറ്റി പാലത്തിന് ബലക്ഷയം സംഭവിച്ച ഭാഗങ്ങൾ പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.