പൈപ്പ് പൊട്ടിയിട്ടും നന്നാക്കാതെ ജല അതോറിറ്റി; പാഴാകുന്നത് ലക്ഷക്കണക്കിന് ലീറ്റർ വെള്ളം

കൊച്ചിയില്‍ പൊട്ടിയൊഴുകുന്ന കുടിവെള്ള പൈപ്പുകള്‍ നന്നാക്കാതെ ജല അതോറിറ്റി. കരാറുകാരുടെ സമരം കഴിയാതെ നടപടിയില്ലെന്നാണ് വിശദീകരണം. ഇതോടെ ലക്ഷക്കണക്കിന് ലീറ്റര്‍ കുടിവെള്ളമാണ് പാഴാകുന്നത്.

വൈറ്റിലയ്ക്ക് സമീപം ചക്കരപ്പറമ്പില്‍ ദേശീയപാതയുടെ സര്‍വീസ് റോഡില്‍നിന്നുള്ള കാഴ്ചയാണിത്. മണ്ണിനടിയിലുള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. രാത്രിയിലും പുലര്‍ച്ചെയുമായി പമ്പിങ് നടക്കുന്ന സമയത്ത് കുത്തൊഴുക്കാകും. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പുവരെ കുടിവെള്ളം റോഡില്‍ നിറയും. രണ്ടാഴ്ചയായി ഇതാണ് സ്ഥിതി. ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളമാണ് നഷ്ടപ്പെടുന്നത്.

ജല അതോറിറ്റിയെ അറിയിച്ചപ്പോള്‍ കരാറുകാര്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്. കൊച്ചി നഗരത്തിലെ പലഭാഗങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ടെന്ന് ആക്ഷേപമുണ്ട്.