അപ്രോച്ച് റോഡുകളുടെ ശോച്യാവസ്ഥ; നോക്കുകുത്തിയായി നെടുങ്ങാട് പള്ളിപാലം

അപ്രോച്ച് റോ‍ഡുകളുടെ ശോച്യാവസ്ഥമൂലം നോക്കുകുത്തിയായി കൊച്ചി വൈപ്പിനിലെ നെടുങ്ങാട് പള്ളിപാലം. ആറരക്കോടി മുടക്കി പണിത പാലം തുറന്നുനല്‍കിയിട്ടും നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയില്ല. 

നെടുങ്ങാട് ദ്വീപുനിവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലമെന്ന സ്വപ്നം സഫലമായത്. 2016ല്‍ നിര്‍മാണമാരംഭിച്ച പാലം കഴിഞ്ഞ ദിവസം നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു. നെടുങ്ങാട് ഗ്രാമത്തെ വൈപ്പിന്‍–പള്ളിപ്പുറം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. എന്നാല്‍ പാലത്തിലേക്കുള്ള പള്ളിബസാര്‍, നായരമ്പലം ബസാര്‍ റോഡുകള്‍ തകര്‍ന്നുക്കിടക്കുന്നതാണ് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുന്നത്. 

മഴക്കാലം തുടങ്ങിയതോടെ ഈ റോഡുകളിലെ കുഴികളില്‍ വെള്ളം നിറ‍ഞ്ഞതും യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു.