വെള്ളക്കെട്ടിൽ പരിഹാരമില്ല; കനാൽ നവീകരണത്തില്‍ ആശയക്കുഴപ്പം

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി നടത്തേണ്ട തേവര, പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം. കൊച്ചി നഗരസഭാ പരിധിക്ക് പുറത്തുള്ള പേരണ്ടൂരിലെ കായല്‍മുഖം തുറക്കുന്നതിന് അമൃത് പദ്ധതി ഫണ്ട് ചെലവഴിക്കാനാകുമോയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക പുതുക്കണമെങ്കില്‍ സമയമെടുക്കുകയും ചെയ്യും.  

പേരണ്ടൂര്‍ റയില്‍വേ പാലത്തിന് താഴേക്കുള്ള ഭാഗത്തെ മണല്‍നീക്കമാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് കായല്‍മുഖംവരെ ഏകദേശം രണ്ടരകിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ഇത്രയും ഭാഗത്ത് ഒരു ലക്ഷത്തിലധികം ക്യുബിക് മീറ്റര്‍ മണലും ചെളിയുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കായല്‍മുഖം വരെ ചാലുകീറിയെങ്കിലും വെള്ളമൊഴുക്ക് സുഗമമാക്കാന്‍ ചുരുങ്ങിയത് രണ്ടുകോടി രൂപയെങ്കിലും ചെലവാകുമെന്ന് നഗരസഭ പറയുന്നു. നിലവില്‍ അമൃത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച് കിടക്കുന്ന രണ്ടുകോടി രൂപ ഇതിന് വകയിരുത്താനാണ് കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 

കൊച്ചി നഗരമധ്യത്തിലെ മുഴുവന്‍ ഡിവിഷനുകളും പേരണ്ടൂര്‍ കനാലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തേവരയില്‍ തുടങ്ങി ചിറ്റൂര്‍ പുഴയിലാണ് കനാല്‍ അവസാനിക്കുന്നത്. അമൃത് പദ്ധതിയില്‍പ്പെടുത്തി പത്തൊന്‍പതുകോടി ചെലവില്‍ നടത്തുന്ന നവീകരണം ഇപ്പോഴും പകുതിപോലുമായിട്ടില്ല.