വണ്ടിപ്പെരിയാറിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി വണ്ടിപ്പെരിയാറില്‍ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന കൃഷിയിടത്തിലാണ്  കാട്ടാനക്കൂട്ടമിറങ്ങിയത്. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.

വനത്തിന്റെ  അതിർത്തിയോടു ചേർന്നു കിടക്കുന്ന വണ്ടിപെരിയാര്‍ അറുപത്തിരണ്ടാംമൈലിലെ പന്ത്രണ്ട് ഏക്കറോളം സ്ഥലത്തെ  ഏലം കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇവിടെ വന്യമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്.  ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന്  കർഷകര്‍.

വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാൻ ട്രഞ്ച്, ഫെൻസിങ് വേലികൾ എന്നിവ നിർമിക്കണമെന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല. അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  ഇടപെടണം എന്നാണ് കർഷകരുടെ ആവശ്യം.