ആലപ്പുഴകാർക്ക് ആശ്വാസം ബോട്ടുകൾ ഓടിത്തുടങ്ങി; ആദ്യ ദിനം 20 സർവീസ്

ഒന്നര മാസത്തെ പ്രവർത്തന നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് തുടങ്ങി. ആലപ്പുഴയിൽ ആദ്യദിനം  ഇരുപത് സർവീസുകളാണ് ക്രമീകരിച്ചത്. നിരക്ക് വർധിപ്പിച്ച ബോട്ടുകളിൽ സാമൂഹ്യ അകലം പാലിച്ചാണ് സഞ്ചാരം. 

പ്രതിസന്ധികളെ വകഞ്ഞു മാറ്റി, ഓളപ്പരപ്പിലൂടെ ആശ്വാസത്തിന്റെ ബോട്ടുകൾ നീങ്ങിതുടങ്ങി. യാത്രാമാർഗങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ട കുട്ടനാടിന്റെ പല ദിക്കുകളിലും ഇനി ബോട്ട് ജെട്ടികളിൽ നിന്ന് മണിയടി ശബ്ദം കേൾക്കാം. വലിയ തിരക്ക് തുടങ്ങിയിട്ടില്ല. ആളുകൾ അന്വേഷിച്ച് ഉറപ്പിച്ച് യാത്ര തുടങ്ങുന്നേയുള്ളു.

രാവിലെ ഏഴു മണിമുതൽ വൈകീട്ട് ഏഴുവരെയാണ് സർവീസ്. ബോട്ടിൽ പകുതി ആളുകളെ മാത്രമേ കയറ്റുന്നുള്ളു. സാമൂഹ്യ അകലം പാലിച്ചാണ് ഇരിപ്പ്. 

പാണാവള്ളി, കാവാലം, കൈനകരി, നെടുമുടി, എടത്വ തുടങ്ങി ജില്ലയ്ക്ക് അകത്ത് മാത്രമാണ് ഇപ്പോൾ സർവീസ്. ആറു രൂപയിൽനിന്ന് എട്ടുരൂപയായാണ് മിനിമം ചാർജ് വർധിപ്പിച്ചത്. മുപ്പത്തി മൂന്നു ശതമാനത്തോളമാണ്  ടിക്കറ്റ് നിരക്കിലെ വർധന.