ഇടുക്കി കട്ടപ്പനയിൽ കനത്ത മഴയും കാറ്റും

ഇടുക്കിയിലെ കട്ടപ്പന ഉള്‍പ്പടെയുള്ള ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. 15 ഏക്കറോളം ഏലത്തോട്ടങ്ങള്‍ നശിച്ചു. ഒട്ടേറെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.

കഴിഞ്ഞ ഒരാഴ്ച്ചയായി ഹൈറേഞ്ചിൽ വേനൽമഴ ശക്തമാണ്.  അയ്യപ്പൻകോവിൽ, മേരികുളം,  കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായത്. വിവിധ തോട്ടങ്ങളിലെ 15 ഏക്കറോളം ഏലച്ചെടികള്‍  നശിച്ചു. മഹാപ്രളയത്തില്‍  നശിച്ച ചെടികൾക്ക് പകരം നട്ട്,  വളര്‍ച്ചയെത്തിയ ചെടികളാണ് ഈ മഴയില്‍ ഏറെയും   നശിച്ചത്.   കര്‍ഷകര്‍ക്ക്  ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി, തോട്ടം തൊഴിലാളികളും ഇതോടെ പ്രതിസന്ധിയിലായി. കട്ടപ്പനയില്‍  മരം വീണ് ഒരു തൊഴിലാളിയുടെ കൈയ്യും കാലും ഒടിഞ്ഞു.  കിന്തനാനിക്കൽ സതി ജോഷിയെ  പരിക്കുകളോടെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേരികുളത്ത് ഏതാനും വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.  കാർഷിക ഉപകരണങ്ങൾ സൂഷിക്കുന്ന ഷെഡും, നിരവധി   ജാതി മരങ്ങളും നശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയുണ്ടാകുന്ന  ഈ കൃഷി നാശം കര്‍ഷകരെ വലിയ  പ്രതിസന്ധിയിലാക്കുകയാണ്.