ബണ്ടിലെ ചളി നീക്കുന്നില്ല; അരണാട്ടുകര പ്രളയഭീതിയിൽ

കെ.എല്‍.ഡി.സി. അധികൃതരുടെ മെല്ലെപ്പോക്കുമൂലം  തൃശൂര്‍ അരണാട്ടുകരയിലെ കുടുംബങ്ങള്‍ പ്രളയഭീതിയില്‍. കെ.എല്‍.ഡി.സി. ബണ്ടിലെ കുളവാഴയും ചളിയും ഉടന്‍ നീക്കിയില്ലെങ്കില്‍ മഴക്കാലം പ്രളയകാലമാകും. 

കഴിഞ്ഞ രണ്ടുവര്‍ഷം അരണാട്ടുകരയിലെ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണ്. മഴക്കാലമായാല്‍ വീടൊഴിയേണ്ട അവസ്ഥ. ഇതിനു കാരണമാകട്ടെ ഈ കുളവാഴയും ചളിയും. തൃശൂര്‍ വഞ്ചിക്കുളം മുതല്‍ ഏനാമാവ് വരെയുള്ള എട്ടരക്കിലോമീറ്റര്‍ ദൂരത്ത് കുളവാഴയും ചളിയും നിറഞ്ഞിരിക്കുകയാണ്. സാധാരണ, ഇതുനീക്കാന്‍ കരാര്‍ കൊടുത്താല്‍ ചളിയും കുളവാഴയും കരയ്ക്കു കയറ്റിയിടും. മഴയത്ത് ഇതു വീണ്ടും കനാലിലേയ്ക്കുതന്നെ വീഴും. എട്ടരക്കിലോമീറ്റര്‍ ദൂരം ജലപാതയായിരുന്നു. ഇതിന്റെ നവീകരണ പദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതാണ്. മൂന്നാഴ്ചയ്ക്കകം ഇതു നവീകരിച്ചില്ലെങ്കില്‍ ജനം വെള്ളത്തിലാകും.

വടൂക്കര.. അരണാട്ടുകര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനു താഴെ ഇതെല്ലാം വന്നടിഞ്ഞ് നില്‍ക്കുകയാണ് പതിവ്. ഇതുനേരെയാക്കണമെന്ന നാട്ടുകാരുടെ മുറവിളി കെ.എല്‍.ഡി. അധികൃതരാണെങ്കില്‍ കണ്ടമട്ടില്ല. നാട്ടുകാരുടെ വിഷമം പരിഹരിക്കാന്‍ മന്ത്രി എ.സി.മൊയ്തീന്‍ കെ.എല്‍.ഡി.സി അധികൃതരുമായി നാളെ കലക്ടറേറ്റില്‍ യോഗം വിളിച്ചിട്ടുണ്ട്.