ലോക്ക്ഡൗണിൽ കൈത്താങ്ങായി: നിറഞ്ഞ സംതൃപ്തിയിൽ റോട്ടറി ക്ലബ്ബ്

ഈ ലോക്ക് ഡൗണ്‍ കാലത്തുടനീളം കൊച്ചി നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങൊരുക്കാനായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് റോട്ടറി ക്ലബ്ബ് അപ്ടൗണ്‍. പൊലീസിന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ നന്‍മയുമായി സഹകരിച്ച് പ്രതിദിനം നൂറുകണക്കിന് ആളുകള്‍ക്കാണ് ഇവര്‍ ഭക്ഷണം എത്തിച്ചത്.  

ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം ലഭിക്കാതെ പട്ടിണിയിലായവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇവരെ ഈ വലിയ ദൗത്യത്തിലേക്ക് നയിച്ചത്. പിന്തുണയുമായി പൊലീസും നന്‍മയും ഒപ്പം ചേര്‍ന്നു. ആദ്യദിനം തന്നെ മുന്നൂറു പേര്‍ക്ക് ഭക്ഷണം നല്‍കി. ദിവസം തോറും ആവശ്യക്കാരുടെ എണ്ണവും കൂടി. അവസാന ദിവസങ്ങളില്‍ 1800 പേര്‍ക്കുള്ള ഭക്ഷണം ഇവര്‍ തയാറാക്കി നല്‍കി. ഓരോ ദിവസവും ആവശ്യക്കാരെ തേടി കണ്ടെത്തി ഭക്ഷണം നല്‍കുകയായിരുന്നു ഇവര്‍.

റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ക്ക് പുറമേ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ പിന്തുണയുമായി ഇവര്‍ക്കൊപ്പം നിന്നു. നാല്‍പത് ദിവസത്തിലധികം നീണ്ടു നിന്ന ഈ ദൗത്യത്തിന് ശേഷം, ഈ വലിയ അടുക്കള അടയ്ക്കുമ്പോള്‍ അവര്‍ക്ക് നിറഞ്ഞ സംതൃപ്തി.