സഹജീവി സ്നേഹത്തിന്‍റെ നല്ല മാതൃക കാട്ടി ഈ മിടുക്കികൾ

സഹജീവി സ്നേഹത്തിന്‍റെ നല്ല മാതൃക കാണിച്ചു തരികയാണ് കൊച്ചിയിലെ കുറച്ച് മിടുക്കി കുട്ടികള്‍. സ്വയം സമ്പാദിച്ച പണം കൊണ്ട് കളമശേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുകയാണിവര്‍. സ്വയമുണ്ടാക്കിയ കരകൗശല ഉല്‍പ്പന്നങ്ങളും പേപ്പര്‍ ബാഗും ഫ്ളാറ്റില്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് ഇവര്‍ പൊതിച്ചോര്‍ വിതരണം നടത്തിയത്. 

   

പഠനവും കളിയും മാത്രമല്ല, സഹജീവി സ്നേഹത്തിന്‍റെ നല്ല അനുഭവങ്ങള്‍ കൂടിയാണ് ബാല്യമെന്ന് പഠിപ്പിക്കുകയാണ് കൂട്ടുകാരികളായ ദേവപ്രഭയും സിയയും നിയയും. കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ഇവരുടെ തയാറെടുപ്പുകളാണ് ഈ സന്തോഷമായി മാറിയത്. 

ദേവപ്രഭയുടെ ബോട്ടില്‍ പെയിന്‍റിങും സിയയുടെയും നിയയുടെയും പേപ്പര്‍ ബാഗുകളും കരകൗശല വസ്തുക്കളും ഇവര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ വില്‍പന നടത്തിയാണ് പൊതിച്ചോര്‍ വിതരണത്തിനുള്ള പണം കണ്ടെത്തിയത്.

മാതാപിതാക്കളുടെ നിറഞ്ഞ പിന്തുണയും പ്രോല്‍സാഹനവും ഈ നല്ല മനസുകള്‍ക്കുണ്ടായി. പൊതിച്ചോറുമായി ആശുപത്രിയിലെത്തിയപ്പോള്‍ പലരും ഇവരുടെ നല്ല മനസിനെ അഭിനന്ദിച്ചു. ഇത്തരം നല്ല ദൗത്യങ്ങളുമായി വീണ്ടുമെത്തുമെന്ന് ഉറപ്പിച്ചാണ് ഇവര്‍ പൊതിച്ചോറുകള്‍ നല്‍കി മടങ്ങിയത്.