പ്രകൃതിയിലെ ബന്ധങ്ങളുടെ നിറച്ചാര്‍ത്തുമായി ചിത്രപ്രദര്‍ശനം

പ്രകൃതിയൊരുക്കുന്ന ബന്ധങ്ങളുടെ നിറച്ചാര്‍ത്തുകളുമായി കൊച്ചിയില്‍ ഒരു ചിത്രപ്രദര്‍ശനം. പച്ചയായ ചിന്തകള്‍ എന്നപേരിലാണ് സന്ധ്യാംബികയെന്ന കലാകാരി പ്രകൃതിയിലെ ബന്ധങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയിരിക്കുന്നത്.

ഇരട്ട ക്യാന്‍വാസുകളില്‍ വരച്ച് പരസ്പരം ഇഴചേര്‍ത്തുണ്ടാക്കിയ ആമ്പല്‍ക്കുളവും അതിലെ ദൃശ്യങ്ങളും മിഴിവൊട്ടും ചോരാതെ പ്രദര്‍ശനവേദിയിലും ഒന്നുചേര്‍ന്നിരിക്കുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധം, മാനസിക വ്യാപാരങ്ങളിലെ മുള്‍ച്ചാര്‍ത്തുകള്‍ എല്ലാം വരകളില്‍ നിറഞ്ഞിരിക്കുന്നു. 

  

ചുറ്റുപാടുമുള്ള കാഴ്ചകളില്‍നിന്ന് മനസില്‍ പതിഞ്ഞവ പരമാവധി തെളിമയോടെ കാന്‍വാസിലേക്ക് പകര്‍ത്താനാണ് കലാകാരിയുടെ ശ്രമം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വരച്ച ഇരുപത്തിനാല് ചിത്രങ്ങളാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനുവച്ചത്.

എസ്.ബി.ഐയില്‍ ജീവനക്കാരിയായ സന്ധ്യാംബിക കഴിഞ്ഞ പത്തുവര്‍ഷമായി ചിത്രരചന അഭ്യസിക്കുന്നുണ്ട്.