മറയൂരില്‍ വനംവകുപ്പിന്റെ ഏറുമാട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

ഇടുക്കി മറയൂരില്‍ വനംവകുപ്പിന്റെ ഏറുമാട നിര്‍മാണം  നാട്ടുകാര്‍ തടഞ്ഞു. ഘട്ടംഘട്ടമായി നാട്ടുകാരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്ന്  ആരോപിച്ചാണ് പ്രതിഷേധം. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടുതീ തടയാനുള്ള നിരീക്ഷണ  ഏറുമാടമാണ് നിര്‍മിച്ചതെന്ന് വനംവകുപ്പ് വ്യക്തമാക്കി. 

 സ്വകാര്യ വ്യക്തിയില്‍നിന്ന് വനംവകുപ്പ് ഏറ്റെടുത്ത പരിസ്ഥിതിലോല  ഭൂമിയില്‍ വനംവകുപ്പ് ഏറുമാടം നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ്  നാട്ടുകാര്‍ തടഞ്ഞത്. കാന്തല്ലൂര്‍ റേഞ്ച്  പുതുവെട്ടില്‍ മരത്തില്‍ നിര്‍മാണത്തിലുള്ള ഏറുമാടം പൊളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. 

പരിസ്ഥിതി ലോല മേഖലകളില്‍ കഴിഞ്ഞുവരുന്നവര്‍ക്ക്  പണം നല്‍കി   പറഞ്ഞു വിടാനുള്ള നീക്കം വനം  വകുപ്പില്‍നിന്ന് നടക്കുന്നുണ്ടെന്നാണ് ആരോപണം. 5 സെന്റ് ഉള്ളവര്‍ക്കും 10 ഏക്കറോളം ഉള്ളവര്‍ക്കും ഒറ്റത്തതുകയായി 15 ലക്ഷം രൂപ നല്‍കാം എന്നാണ് വനംവകുപ്പ് പറയുന്നത്. ഏറുമാടം നിര്‍മിച്ചും തുടര്‍ച്ചയായി കൃഷിഭൂമിയില്‍ കടക്കാത്തവിധം ചെക്ക്‌പോസ്റ്റ് നിര്‍മിച്ചും വനംവകുപ്പ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് നാട്ടുകാരുടെ ആരോപണം

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടുതീ തടയാനും, നീരീക്ഷിക്കുന്നതിനുമുള്ള  താല്‍ക്കാലിക ഏറുമാടമാണ് നിര്‍മിക്കുന്നതെന്ന്   കാന്തല്ലൂര്‍ റേഞ്ച് ഓഫീസര്‍  അറിയിച്ചു.