നഗരം ചുറ്റി ക്രിസ്മസ് പാപ്പാമാർ; ദൃശ്യവിരുന്നായി ബോൺ നതാലെ

തൃശൂരില്‍ ദൃശ്യവിരുന്നൊരുക്കി ക്രിസ്മസ് പാപ്പാമാരുടെ സംഗമം. പതിനായിരത്തിലേറെ വരുന്ന പാപ്പമാര്‍ നഗരം വലംവച്ചു മടങ്ങി. ബോണ്‍ നതാലെയ്ക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രഖ്യാപിച്ചു. 

പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പാമാര്‍ സ്വരാജ് റൗണ്ടില്‍ എത്തി. അഞ്ചു മിനിറ്റിന്റെ ഇടവേളകളില്‍ പാപ്പമാരുടെ ഫ്ളാഷ് മോബുകള്‍. ക്രിസ്മസിന്റെ പാട്ടിനൊപ്പം പാപ്പമാര്‍ താളംവച്ചതോടെ നഗരം ആവേശത്തിലായി. അതിരൂപതയ്ക്കു കീഴിലുള്ള 230 ഇടവകകളില്‍ നിന്നായി ഒട്ടേറെ യുവതീ യുവാക്കള്‍ പാപ്പാ സംഗമത്തില്‍ പങ്കെടുത്തു. പ്രത്യേക പരിശീലനത്തിനു ശേഷമായിരുന്നു ചെറു സംഘങ്ങള്‍ നഗരത്തില്‍ എത്തിയത്. 

ഇതു ഏഴാം തവണയാണ് ബോണ്‍ നാതാലെ പാപ്പാ സംഗമത്തിന് തൃശൂര്‍ വേദിയാകുന്നത്. നല്ല ക്രിസ്മസിന്റെ സന്ദേശം പകരാന്‍ തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് പാപ്പാ സംഗമം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. അഞ്ചു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. അടുത്ത വര്‍ഷം മുതല്‍ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രഖ്യാപിച്ചു. സമകാലിന വിഷയങ്ങള്‍ കോര്‍ത്തിണക്കിയ നിശ്ചല ദൃശ്യങ്ങളും പാപ്പാമാരുടെ ഘോഷയാത്രയ്ക്കു നിറപകിട്ടു നല്‍കി.