പെട്രോകെമിക്കല്‍ പദ്ധതി കമ്മിഷനിങ്ങിന് ഒരുങ്ങുന്നു

കൊച്ചി റിഫൈനറിയുടെ,  കമ്മിഷനിങ്ങിന് ഒരുങ്ങുന്ന പെട്രോകെമിക്കല്‍ പദ്ധതി പ്രദേശത്ത് ശബ്ദമലിനീകരണം രൂക്ഷമാകുന്നതായി പരാതി. അടൂര്‍ക്കരയിലെ 34 കുടുംബങ്ങളാണ് പ്ലാന്റില്‍ നിന്നുള്ള അനിയന്ത്രിതമായ ശബ്ദത്തില്‍ വലയുന്നത്. കമ്മിഷനിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അമിതശബ്ദം താല്‍ക്കാലികമാണെന്നും ശബ്ദത്തിന്റെ തോത് കുറയ്ക്കാന്‍ നടപടിയെടുക്കുമെന്നും കൊച്ചി റിഫൈനറി അധികൃതര്‍ അറിയിച്ചു.

രാപ്പകല്‍ ഭേദമന്യേയുള്ള കാതടപ്പിക്കുന്ന ശബ്ദത്തില്‍ പൊറുതിമുട്ടിയതോടെയാണ് പ്രതിഷേധവുമായി ഈ വീട്ടമ്മമാര്‍ വീടിന് പുറത്തിറങ്ങിയത്. കുഞ്ഞുങ്ങളേയും പ്രായമായവരേയും ബന്ധുവീടുകളിലേക്ക് മാറ്റേണ്ട അവസ്ഥ. ഈ മാസം ഒന്നാം തിയതിമുതലാണ് പ്ലാന്റില്‍ നിന്ന് ഉയരുന്ന ശബ്ദം ഇത്ര കണ്ട് രൂക്ഷമായത്. അടൂര്‍ക്കരയിലെ ജനവാസമേഖലയില്‍ അര്‍ധവൃത്താകൃതിയിലാണ് പിഡിപിപി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റില്‍ നിന്ന് 50 മീറ്റര്‍ നൂറ് മീറ്റര്‍ അകലത്തിലായുള്ള 34 കുടുംബങ്ങള്‍.

പ്രതിഷേധം കടുത്തതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശബ്ദത്തിന്റെ തോത് നിരീക്ഷിക്കാന്‍ തുടങ്ങി. അനുവദനീയമായ പരിധിയിലും കൂടതലാണ് പ്ലാന്റില്‍ നിന്നുള്ള ശബ്ദമെന്നാണ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്ട്ട് ചെയര്‍മാന് കൈമാറും. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ശബ്ദത്തില്‍ ആശങ്കവേണ്ടെന്നും ഇത് താല്‍ക്കാലികമാണെന്നും കൊച്ചി റിഫൈനറി അധികൃതര്‍ പ്രതികരിച്ചു. റിഫൈനറിയില്‍ നിന്നുള്ള വിദ്ഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ശബ്ദത്തിന്റെ തോത് കുറയ്ക്കാമെന്നും ഇവര്‍ അറിയിച്ചു.