10 വർഷത്തിൽ പൊലിഞ്ഞത് 26 ജീവൻ; പുതുക്കാട് ജംഗ്ഷനിൽ മരണക്കെണി

തൃശൂര്‍ പുതുക്കാട് ദേശീയപാത ജംക്ഷനില്‍ മരണക്കെണി. പത്തു വര്‍ഷത്തിനിടെ പുതുക്കാട് പൊലിഞ്ഞത് 26 ജീവനുകള്‍. മേല്‍പാലമല്ലാതെ മറ്റൊരു പോംവഴിയും പുതുക്കാട് ജംക്ഷനെ രക്ഷിക്കാനില്ല. 

പുതുക്കാട് ജംക്ഷനില്‍ അവസാനം നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യമാണിത്. റിട്ടേയര്‍ഡ് അധ്യാപകരായ രണ്ടു പേരാണ് കാറിടിച്ചു മരിച്ചത്. ജംക്ഷന്‍റെ രണ്ടു വശത്തു നിന്നും റോഡ് കുറുകെ കുടുക്കണം ആളുകള്‍ക്ക്. രണ്ടു കോളജുകളും സ്കൂളും ആശുപത്രിയും ഉള്ള റോഡുകളാണിത്. രാവും പകലും തിരക്കുള്ള സ്ഥലം. റോഡു കുറുകെ കടക്കാന്‍ ചുരുങ്ങിയ സെക്കന്‍ഡുകള്‍ മാത്രമാണ് പുതുക്കാട് ജംക്ഷനില്‍. രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തു വരെയാണ് സിഗ്നല്‍ സമയം. ബാക്കിയുള്ള നേരം സിഗ്നലും ഇല്ല. ആ സമയത്ത് റോഡ് കുറുകെ കടക്കുന്ന ഭാഗ്യപരീക്ഷണം കൂടിയാണ്. ആളുകള്‍ മരിച്ചു വീണിട്ടും മേല്‍പാലമെന്ന ആവശ്യം ഇനിയും നടപ്പായില്ല. പുതുക്കാട് ജംക്ഷനില്‍ മേല്‍പാലം പണിയുന്നില്ലെങ്കില്‍ പിന്നെ ശവപ്പെട്ടി കച്ചവടം തുടങ്ങേണ്ടി വരുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

ദേശീയപാത കമ്മിഷന്‍ ചെയ്യുന്ന സമയത്ത് മേല്‍പാലം പണിയാന്‍ ആലോചന വന്നിരുന്നു. പക്ഷേ, അന്ന് പുതുക്കാട് ജംക്ഷന്‍റെ പ്രാധാന്യം പോകുമെന്ന് ഭയന്ന് ഒരുവിഭാഗം എതിര്‍ശബ്ദം ഉയര്‍ത്തി. ഇപ്പോള്‍, ആളുകള്‍ ഭൂരിഭാഗവും പറയുന്നത് മേല്‍പാലം വേണമെന്നു തന്നെയാണ്.