മഹാപ്രളയം റോഡ് തകർത്തു; പുതിയ പാത വൈകരുതെന്ന് കുറത്തിക്കുടിക്കാർ

ഇടുക്കിയിലെ ആദിവാസി ഗ്രാമമായ അടിമാലി കുറത്തിക്കുടിയിലേയ്ക്ക് ഗതാഗതയോഗ്യമായ വഴിവേണമെന്ന ആവശ്യം ശക്തം.  ഊരിലേക്കെത്താനുള്ള  പെരുമന്‍കുത്ത് കുറത്തിക്കുടി റോഡ് ഉരുളന്‍കല്ലുകള്‍ നിറഞ്ഞ് അപകാടാവസ്ഥയിലാണ്. ഇവിടേയ്ക്കുള്ള  മാമലക്കണ്ടം– കുറത്തിക്കുടി റോഡും മഹാപ്രളയകാലത്ത് തകര്‍ന്നിരുന്നു. 

അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് കുറത്തിക്കുടി. ഇരുമ്പുപാലം പടിക്കപ്പ് മാമലക്കണ്ടംവഴി കുറത്തിക്കുടിയിലേക്ക് ഗതാഗതമാര്‍ഗ്ഗമുണ്ടെങ്കിലും മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്തില്‍ നിന്നും കുറത്തിക്കുടിയിലേക്കുള്ള പാതയാണ് ആദിവാസി കുടുംബങ്ങള്‍ കൂടുതലായി ആശ്രയിച്ചു വരുന്നത്. പെരുമന്‍കുത്തില്‍ നിന്ന്  7 കിലോമീറ്റര്‍  ദൂരം വരുന്ന ഈ പാത സഞ്ചാരയോഗ്യമാകുമെന്നാണ്  ആദിവാസി കുടുംബങ്ങളുടെ ആവശ്യം.

മഹാപ്രളയത്തിലും,  കഴിഞ്ഞ വര്‍ഷകാലത്തും ഈ വഴിയുടെ  പല ഭാഗങ്ങളും ഒലിച്ചു പോയി. തുടര്‍ന്ന് ഊര്നിവാസികളുടെ സഹകരണത്തോടെ പാത വിണ്ടും ജീപ്പ് കടന്നുപോകും വിധം ഗതാഗതയോഗ്യമാക്കി. ആശുപത്രിയില്‍ എത്തേണ്ടുന്ന അടിയന്തിര സാഹചര്യത്തില്‍ പോലും  നിര്‍മാണം നടത്താത്ത ഈ പാതയിലൂടെ വേണം ആദിവാസികള്‍ക്ക്  പുറംലോകത്തെത്തുവാന്‍. മഴക്കാലത്ത് പാത ഗതാഗതയോഗ്യമല്ലാതാവുകയും റേഷന്‍ വിതരണമടക്കം മുടങ്ങുകയും ചെയ്യുന്നത് കുറത്തിക്കുടിയില്‍ പതിവാണ്.