വണ്ടിപ്പെരിയാർ പാലം പുതുക്കിപ്പണിയാൻ നടപടിയില്ല

ഇടുക്കി വണ്ടിപ്പെരിയാറില്‍ പ്രളയത്തിൽ തകർന്ന പാലം പുതുക്കി പണിയാൻ നടപടിയില്ല. വണ്ടിപ്പെരിയാർ  മ്ലാമല മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാ ദുരിതത്തിലായത്. പാതി തകര്‍ന്ന പാലത്തിലൂടെ അപകട യാത്രനടത്തിയാണ് വിദ്യാര്‍ഥികള്‍ സ്ക്കൂളില്‍ പോകുന്നത്. 

മ്ലാമലകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ആശ്രയമായ ശാന്തിപ്പാലം, നൂറടിപ്പാലം എന്നിവയാണ് പ്രളയത്തിൽ തകർന്നത്. 

7 സ്കൂളുകളിൽ പഠിക്കുന്ന 2000 വിദ്യാർഥികളുടെ കാര്യമാണ് ഏറെ കഷ്ടം. ഈ പാലം വഴി പ്രാണഭയത്താലാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. വെള്ളപാച്ചിലിൽ പകുതിയിലേറെ ഭാഗം ഒലിച്ചുപോയ നൂറടിപ്പാലത്തിലൂടെ കുട്ടികൾ നിരനിരയായി നടന്നു നീങ്ങുന്നത് കണ്ടു നിൽക്കുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടും.

അധികാരികളുടെ കനിവിന് കാത്തു നിൽക്കാതെ ജനങ്ങൾ ശാന്തിപ്പാലം പുനർനിർമിച്ചു. എന്നാൽ നൂറടിപ്പാലം പൂർണമായി പുനർ നിർമിക്കാനുള്ള പണം കണ്ടെത്താൻ ഇവിടുത്തെ കർഷകർക്കും, തോട്ടം തൊഴിലാളികൾക്കും കഴിയുന്നില്ല.

പീരുമേട്ടിൽ നിന്ന് പെരിയാറിലേയ്ക്ക് വെള്ളം തിരിച്ചുവിട്ടിരിക്കുന്ന നൂറടിപ്പാലം മുറിഞ്ഞതോടെ വണ്ടിപ്പെരിയാറുമായുള്ള ബന്ധമാണ് മുറിഞ്ഞത്. വണ്ടിപ്പെരിയാറിൽ നിന്നുള്ള ബസുകൾ പാലത്തിന് സമീപത്ത് എത്തി മടങ്ങും. അവിടെയിറങ്ങി പാലം മുറിച്ചു കടന്ന് മറുകര എത്തി വീണ്ടും യാത്ര തുടരണം. ഇതിനായി ട്രിപ്പ് ജീപ്പുകളും, ഓട്ടോയും ആശ്രയിക്കണം. പാലം പുനർനിർമിക്കാൻ വൈകിയതോടെ മ്ലാമലയിലെ വ്യാപാര മേഖലയും തകർന്നു.