ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കണം; കോൺഗ്രസ് നേതാക്കളുടെ ഉപവാസം

ഭൂപതിവ് ചട്ടത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഉപവാസമിരുന്നു. പട്ടയഭൂമി മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിര്‍ദേശം കയ്യേറ്റക്കാരെ സഹായിക്കാനാണന്നാണ് സമരക്കാരുടെ ആക്ഷേപം.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. 

ഭൂപതിവ് ചട്ടത്തില്‍  അടുത്തിടെ വരുത്തിയ ഭേദഗതി ഇടുക്കിയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമരക്കാരുടെ നിലപാട്. കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ഇടുക്കിയില്‍ പട്ടയഭൂമി എന്തിനാണോ നല്‍കിയത് അതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. അതായത്, കൃഷിക്കായി നല്‍കിയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ പാടില്ല. ഭൂമി മറിച്ച് വില്‍ക്കാനും പാടില്ല. പട്ടയഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഒാഫീസറുടെ എന്‍. ഒ.സി യും വേണം. ചര്‍ച്ച പോലുമില്ലാതെ ഇത്തരം പരിഷ്കാരങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഭേദഗതിയ്ക്കെതിരെ സി.പി.െഎയും നേരത്തെ രംഗത്ത് വന്നിരുന്നു.