‌രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം; പൊറുതിമുട്ടി കോരുത്തോട് നിവാസികൾ

കാട്ടാനക്കൂട്ടത്തെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടയം കോരുത്തോട് കണ്ടങ്കയത്തെ ജനങ്ങള്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ഒരു ഡസനിലേറെ കാട്ടാനകളാണ് കാടിറങ്ങി ജനവാസമേഖലയിലെത്തുന്നത്. അഴുതയാറും നീന്തിക്കടന്നെത്തുന്ന കാട്ടാനകള്‍ പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്. 

ഈ മാസം കാട്ടാനക്കൂട്ടത്തിന്‍റെ ഇത് എട്ടാമത്തെ വരവാണ്. നേരത്തെ രാത്രി കാടിറങ്ങിയിരുന്നവര്‍ ഇത്തണ വരവ് പകല്‍വെളിച്ചത്തിലാക്കി. കൊമ്പനും പിടിയും കുട്ടിയാനകളും അടക്കം കുടുംബസമേതമാണ് വരവ്. 

14 കാട്ടാനകളാണ് ഞായറാഴ്ചയെത്തിയത്. ആനകള്‍ നാട്ടിലെത്തിയാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് മനസിലാക്കിയ നാട്ടുകാര്‍ കാട്ടാനകളെ തുരത്താന്‍ സംഘടിച്ചു. വനപാലകരും കൂട്ടിനെത്തി. റബറും കപ്പയും വാഴയുമുൾപ്പെടെ ഏക്കര്‍കണക്കിന് കൃഷിയാണ് ഇതിന് മുന്‍പുള്ള വരവില്‍ കാട്ടാനകള്‍ നശിപ്പിച്ചത്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും മണിക്കൂറുകള്‍ നീണ്ട പരിശ്രമം ഒടുവില്‍ ഫലംകണ്ടു. കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങിയെങ്കിലും ഏത് നിമിഷവും തിരികെയെത്തും. കാട്ടാനകളെ പ്രതിരോധിക്കാന്‍ സുരക്ഷാവേലികള്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് വനംവകുപ്പും സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.