ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ എക്സൈസ് ഓഫീസ്; തിരിഞ്ഞു നോക്കാതെ വകുപ്പ്

ഏതുനിമിഷവും തകർന്നു വീഴാറായ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ്  മൂന്നാറിലെ എക്സൈസ് ഒാഫീസ് പ്രവര്‍ത്തിക്കുന്നത്.  ജീവനക്കാർക്ക് ഇരിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ യാതൊരു നടപടിയുമില്ല.

ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ അബ്കാരി കേസുകള്‍ കൈകാര്യം ചെയ്യുന്നത് മൂന്നാർ എക്സൈസ് ഓഫീസിലാണ്. 2009ലാണ് എക്സൈസ് റേഞ്ച് ഓഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനു ശേഷം ഒരു തവണ പോലും കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.  മൂന്ന് മുറികളുള്ള കെട്ടിടത്തില്‍ ഒരുമുറി ഇൻസ്പെക്ടറുടെ ഓഫീസാണ്. മറ്റൊന്ന് തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനും. ഒന്ന് ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. 21 ജീവനക്കാരുള്ള ഒാഫീസില്‍  യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല.

 ഓഫീസിന്റെ പരിസരം കാടുകയറിക്കിടക്കുകയാണ്,  ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ഇവിടെയുള്ള ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താന്‍  വകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.