കുമിൾ ബാധയിൽ ഉലഞ്ഞ് ഇഞ്ചിക്കൃഷി; പ്രതിരോധിക്കാനാവാതെ രോഗബാധ

ഇടുക്കിയിലെ ഇഞ്ചികൃഷി പ്രതിസന്ധിയിലാക്കി രോഗബാധയും കാലാവസ്ഥാ വ്യതിയാനവും. ഏക്കറ് കണക്കിന് ഇഞ്ചികൃഷിയാണ് ചീഞ്ഞ് നശിക്കുന്നത്. കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകല്‍രോഗമാണ് കൃഷിയെ  വ്യാപകമായി ബാധിച്ചത്.

മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാട്ടത്തിനടക്കം സ്ഥലമെടുത്ത് ഏക്കറ് കണക്കിന് സ്ഥലത്താണ് ഇഞ്ചികൃഷി നടത്തിയിരിക്കുന്നത്. എന്നാല്‍ കൃഷിയ്ക്കുണ്ടായിരിക്കുന്ന രോഗബാധ കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ഇഞ്ചിയുടെ ഇലകള്‍ക്ക് പഴുപ്പ് ബാധിച്ച്  പിന്നാലെ  തണ്ടുകളും അഴുകി നശിക്കുകയാണ്.  മഹാപ്രളയവും കാലാവസ്ഥാ വ്യതിയാനവും നട്ടെല്ലൊടിച്ച ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് ഇത് വീണ്ടും തിരിച്ചടിയായി.

കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകല്‍രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നതെന്നും, രേഗബാധയുള്ള ചെടികള്‍   പറിച്ച് മാറ്റി ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ രോഗഗബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നുമാണ്  കൃഷിവകുപ്പിന്റെ വിശദീകരണം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയാത്ത വിധം രോഗബാധ വ്യാപകമായയിരിക്കുകയാണ്.