മഴക്കാലത്ത് ഒറ്റപ്പെടുന്ന മേപ്രാൽ; അധികൃതർക്കെതിരെ പ്രതിഷേധം

എല്ലാ മഴക്കാലത്തും തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന പ്രദേശമാണ് തിരുവല്ല മേപ്രാല്‍. ഈ ഗ്രാമത്തെ, പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡ്, ഉയര്‍ത്തിപ്പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, നടപടിയൊന്നുമെടുക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍ . പെരിങ്ങര പഞ്ചായത്തിന്‍റെ ഒന്നും, രണ്ടും, മൂന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മേപ്രാല്‍ . എല്ലാ മഴക്കാലത്തും ഗതാഗതംപോലും സ്തംഭിച്ച് ഒറ്റപ്പെടുന്ന നാട്. ‌താഴ്ന്ന പ്രദേശം, അപ്പര്‍ കുട്ടനാടിന്‍റെ ഭാഗം. നെല്‍കര്‍ഷകരും, തൊഴിലാളികളുമായി സാധാരണക്കാരാണ് എറെയും. ഈനാ‌ടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന അഴിയിടത്തുചിറ–മേപ്രാല്‍ റോഡിന് ശാപമോക്ഷം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞ് ഗതാഗതം സ്തംഭിച്ചാല്‍പിന്നെ, പഴയസ്ഥിതിയിലെത്താന്‍ ദിവസങ്ങളെടുക്കും. പൊതുഗതാഗതം സ്തംഭിക്കുന്നത് മാത്രമല്ല, രോഗികളെ ആശുപത്രിയിലെത്തിക്കാന്‍പോലും ഈസമയത്ത് കഴിയില്ല. ‌

റോഡിന്‍റെ ഉയരംവര്‍ധിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ അധികൃതര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ പ്രക്ഷോഭമല്ലാതെ വഴിയില്ലെന്നാണ് ഇവര്‍പറയുന്നത്. റോഡ് വികസനത്തിനായി, നാട്ടുകാര്‍ചേര്‍ന്ന് കൂട്ടായ്മകളുണ്ടാക്കി, പ്രതിഷേധത്തിനൊരുങ്ങുകയാണ്.