ടൂറിസം 'ഓൺലൈൻ' ആക്കേണ്ട; ഉപവാസവുമായി തേക്കടി സംരക്ഷണ സമിതി

ഇടുക്കി കുമളിയിൽ  തിരുവോണനാളിൽ ഉപവാസം അനുഷ്ഠിച്ച് തേക്കടി സംരക്ഷണ സമിതി. വനം വകുപ്പ് തേക്കടിയിൽ നടത്തുന്ന വിവിധ ജനദ്രോഹ നടപടികൾക്കെതിരെയാണ് റിലേ ഉപവാസ സമരം സംഘടിപ്പിക്കുന്നത്.  ഉപവാസ സമരം 38 ദിവസങ്ങൾ പിന്നിട്ടു.

തേക്കടിയിലെ ടൂറിസം തകർത്ത് കുമളി ജനതയെ  പട്ടിണിയിലാക്കുന്ന വനം വകുപ്പ് നിലപാടുകൾ തിരുത്തണം എന്ന ആവശ്യം ഉന്നയിച്ചാണ് തേക്കടി വനം വകുപ്പ് ഓഫീസിനു മുന്നിൽ റിലേ ഉപവാസ സമരം നടത്തുന്നത്.  തേക്കടിയിലെ ബോട്ടിങ്ങ് ഉൾപ്പെടെയുള്ള എല്ലാ ടൂറിസം പരിപാടികളും  നൂറു ശതമാനം ഓൺലൈനിൽ കൂടി മാത്രം പ്രവേശനം നടത്താനുള്ള വനം വകുപ്പ് നീക്കത്തിനെതിരെയാണ്  പ്രതിഷേധം  ഉയരുന്നത്.

തേക്കടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള   വനം വകുപ്പിന്റെ നീക്കം  അംഗീകരിക്കാനാവില്ലെന്ന്  സമരക്കാർ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ പതിമൂന്ന് പേരാണ്  തിരുവോണ നാളിൽ ഉപവാസം അനുഷ്ഠിച്ചത്.