പിഎസ്​സി പരീക്ഷകൾ മലയാളത്തിലാക്കണം; കൊച്ചിയിലും ഉപവാസ സമരം

പി.എസ്.എസി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവോണനാളില്‍ ഉപവാസസമരം. അങ്കമാലിയിലും ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കിലുമാണ് കലാ–സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. 

പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ തക്കവിധം പിഎസ്‌സി ചട്ടം മാറ്റിയെഴുതണം. ഈ ആവശ്യം ഉന്നയിച്ച് തലസ്ഥാനത്ത് നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയായാണ് മറ്റിടങ്ങളിലും സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. അങ്കമാലിയില്‍ സമരം ബാലചന്ദ്രന്‍ ചുളളിക്കാട് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ നയം പി.എസ്.എസിയും അംഗീകരിക്കണമെന്ന് ബാലചന്ദ്രന്‍ ചുളളിക്കാട് ആവശ്യപ്പെട്ടു.

കവിതചൊല്ലാന്‍ കുട്ടികളെ യൂട്യൂബിലൂടെ പഠിപ്പിച്ച മുത്തോലപുരത്തെ സരസമ്മ ടീച്ചറാണ് ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കില്‍ നേതൃത്വം നല്‍കിയത്.