അമരാവതിയില്‍ പുലിയിറങ്ങി; ആടുകളെ ആക്രമിച്ചെന്ന് നാട്ടുകാര്‍

ഇടുക്കി കുമളിക്ക് സമീപം അമരാവതിയിൽ പുലിയിറങ്ങി.  ആടുകളെയും മറ്റുംആക്രമിക്കപ്പെട്ട  നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഭയപ്പെടാനില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

കുമളി അമരാവതി നെല്ലിക്കുഴിയിൽ ഷിബു ദേവസ്യയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ  ആടിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഉണർന്നത്. പുറത്തെ ലൈറ്റിട്ട് ഇറങ്ങി നോക്കുമ്പോൾ കൂടിനുള്ളിൽ ആട് ചത്തു കിടക്കുന്നതാണ് കണ്ടത്. കഴുത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. ആട്ടിൻ കൂടിന് സമീപത്തുള്ള കോഴിക്കുടിനുള്ളിലെ 3 കോഴികളുടെ കാലിലും മുറിവേറ്റതായി കണ്ടെത്തി. തറയിൽ നിന്ന് ഉയർത്തി വച്ചിരുന്ന കോഴിക്കൂടിന്റെ കീഴിൽ നിന്ന് ഇവയെ കടിച്ചെടുക്കാൻ ശ്രമിച്ചതാണ് കാലിൽ മുറിവേൽക്കാൻ കാരണം. 

കൂടിന് സമീപം കണ്ടെത്തിയ  കാൽപ്പാടുകളാണ് ഇത് പുലിയാണെന്ന് സംശയിക്കാൻ കാരണം. പൂച്ചപ്പുലിയാണ് മൃഗങ്ങളെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് വനപാലകർ.