കെഎസ്ആര്‍ടിസിയുടെ പരിഷ്ക്കാരങ്ങൾ; വൈക്കം ഡിപ്പോക്ക് ഭീഷണി

അവശ്യ സര്‍വീസുകള്‍ നിർത്തലാക്കിയും ദിവസേന റൂട്ട് മാറ്റിയുമുള്ള കെഎസ്ആര്‍ടിസിയുടെ പരിഷ്ക്കാരങ്ങൾ വൈക്കം ഡിപ്പോക്ക് ഭീഷണിയാവുന്നു. കാലപഴക്കമുള്ള ബസുകൾ ഓടിക്കേണ്ട ഗതികേട് സർവ്വീസ് മുടക്കത്തിനും കാരണമായതോടെ‌ പ്രതിഷേധം ശക്തമാവുകയാണ്.  സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കമെന്ന ആരോപണവുമായി സിപിഐ രംഗതെത്തി.   

ആദ്യകാല കെഎസ്ആര്‍ടിസി ഡിപ്പോകളിലൊന്നായ വൈക്കത്ത് 52 ബസുകളാണുള്ളത്. ഇതിൽ മുപ്പത് ബസുകള്‍ കാലപഴക്കം ചെന്നവയാണ്. ചുരുങ്ങിയത് പത്ത് ബസെങ്കിലും ദിവസവും കട്ടപ്പുറത്താണ്. ജീവനക്കാരുടെ വിശ്രമമില്ലാത്തസഹകരണം കൊണ്ട് മാത്രമാണ് 40 ഓളം സർവ്വീസുകൾ മുടക്കമില്ലാതെ നടത്തുന്നത്. ഇതിനിടയിലാണ് സർവ്വീസുകളുടെ റൂട്ട് മാറ്റിയും മറ്റ് ഡിപ്പോകളിൽ നിന്നുള്ളവ ഒഴിവാക്കിയുമുള്ള പരിഷ്ക്കാരങ്ങൾ യാത്രാദുരിതത്തിന് കാരണമായത്. വർഷങ്ങളായുള്ള ഗുരുവായൂർ സർവ്വീസ് നിർത്തലാക്കുകയും സമയവും റൂട്ടും മാറ്റി വീണ്ടും തുടങ്ങുകയും ചെയ്തു. എറണാകുളത്തു നിന്ന് വൈക്കം വഴി കോട്ടയത്തേക്ക് ഒരു മണിക്കുർ ഇടവിട്ട് സർവ്വീസ് നടത്തിയിരുന്ന 6 ലോ ഫ്ലോർ ഏസി ബസ് കാഞ്ഞിരമറ്റം വഴിതിരിച്ചുവിട്ടതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. വൈക്കത്ത് നിന്ന്പൂത്തോട്ട എറണാകുളം ഭാഗത്തേക്ക് ഓടുന്ന സ്വകാര്യ ബസ് ലോബിക്കു വേണ്ടിയാണ് ഈ പരിഷ്ക്കാരമെന്നാണ് ആരോപണം. 

വൈക്കം ഡിപ്പോയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടന്നിട്ടും ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പ്രതിഷേധം ശക്തമാവുമ്പോൾ കൂടുതൽ സർവ്വീസുകൾ അനുവദിച്ചുവെന്ന പ്രഖ്യാപനവുമായി സ്ഥലം എംഎല്‍എ സി.കെ. ആശ രംഗതെത്തി. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനോ റൂട്ട് മാറ്റിയ ബസുകൾ മടക്കി കൊണ്ടുവരാനൊ എംഎല്‍എ നടപടിയെടുക്കിന്നെല്ലാണ് പരാതി. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ പാർട്ടിയായ സിപിഐ തന്നെ സമരം ഏറ്റെടുത്ത് രംഗത്തിറങ്ങിയത്.