വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ; പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ്

കൊച്ചിയില്‍ വിദ്യാര്‍ഥികളെ സ്വകാര്യബസുകളില്‍ കയറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്. സ്കൂള്‍ സമയങ്ങളില്‍ നഗരത്തിന്‍റെ വിവിധ ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് പട്രോളിങ് നടത്തി.

സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് സമീപമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. വിദ്യാര്‍ഥികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളപ്പോള്‍ പ്രശ്നമില്ലായെന്ന് വിദ്യാര്‍ഥികള്‍ മറുപടി നല്‍കി. 

പരാതികള്‍ നേരിട്ട് വിളിച്ചറിയിക്കുന്നതിന് ഫോണ്‍ നമ്പറും മെയില്‍ ഐ.ഡിയും വിദ്യാര്‍ഥികള്‍ക്ക് നല്‍കി. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ബസ് സ്റ്റോപ്പുകളില്‍ സ്ഥിരം പരിശോധനയ്ക്ക് പൊലീസുമായി സഹകരിച്ച് സംവിധാനം ഏര്‍പ്പെടുത്തുകയോ, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയോ വേണമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ജംക്‌ഷന് പുറമേ, വൈപ്പിന്‍, കലൂര്‍, കാക്കനാട് ഭാഗങ്ങളിലും പരിശോധന നടന്നു. പരിശോധന  അടുത്തദിവസങ്ങളിലും തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.