'സിപിആര്‍ ബലം കൊണ്ട് മാത്രം ജീവിച്ച മോനാണ്'; പ്രണവിന് ജീവശ്വാസം നല്‍കിയ അധ്യാപകര്‍; ആ ദിവസം

കളര്‍ പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അവശനായ ആറുവയസുകാരന്‍ പ്രണവ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ദൈവാധീനംകൊണ്ടു മാത്രമെന്ന് അധ്യാപകര്‍ പറയുന്നു. നിമിഷനേരംകൊണ്ട് പ്രണവിനെ ആശുപത്രിയിലെത്തിച്ചത് ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ അധ്യാപകരായ ഷിബി, കെ.എ. ജിനി, സുധീര്‍ എന്നിവരാണ്. പ്രണവിന്‍റെ അമ്മ സ്കൂളില്‍ ഉണ്ടായിരിക്കെ നടന്ന സംഭവമാണിത്. തക്ക സമയത്തുള്ള അധ്യാപകരുടെ ഇടപെടലും യാദൃശ്ചികമായി കുട്ടി വെപ്രാളപ്പെടുന്നത് കണ്ടു നിന്നതും ഈ അധ്യാപകര്‍ തന്നെ. ആ ദിവസം ഇങ്ങനെ.. അവര്‍ പറയുന്നു..

'നാലു മണിക്ക് സ്കൂള്‍ കഴിഞ്ഞു. വെറുതേ പുറത്തിറങ്ങിയപ്പോഴാണ് കുട്ടി ചുമയ്ക്കുന്നത് കാണുന്നത്. ചര്‍ദിക്കുകയാണെന്ന് ആദ്യം കരുതി. പിന്നീട് അപാകത തോന്നി. അപ്പോള്‍ കുട്ടിതന്നെയാണ് പറഞ്ഞത് 'തൊണ്ടയില്‍ ക്രയോൺ പെന്‍സിലുണ്ട്.. അത് പോയിട്ടില്ല ടീച്ചറെ എന്ന്..'. അപ്പോഴേക്കും പ്രണവിന്‍റെ നിറമൊക്കെ മാറി അവശനായിരുന്നു. പ്രാഥമിക ശുശ്രുഷ കുട്ടിയ്ക്ക് നല്‍കിയെങ്കിലും അവസ്ഥ മോശമാണെന്ന് മനസിലായതോടെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ സിപിആര്‍ ബലം കൊണ്ട് മാത്രം ജീവിച്ച മോന്‍ ആണിത്. കുട്ടി ചുമച്ച് വയ്യാതാകുന്നത് കണ്ടത് നിമിത്തം മാത്രം. ഒരു മിനിറ്റ് വൈകിയിരുന്നെങ്കില്‍ അവന്‍റെ ജീവന്‍ പോകും, എല്ലാ ദൈവാധീനം..'- ക്ലാസ് ടീച്ചര്‍ ഷിബി പറഞ്ഞതിങ്ങനെ.

'സ്കൂള്‍ ഗ്രൗണ്ടിലേക്ക് പോകുംവഴിയാണ് ടീച്ചര്‍ പറഞ്ഞാണ് പ്രണവിന്‍റെ കാര്യം അറിഞ്ഞത്. പ്രണവിന്‍റെ നില അപ്പോള്‍ മോശമായിരുന്നു. പ്രാഥമികമായി ചെയ്യാന്‍പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. കുട്ടിയ്ക്ക് പറയാന്‍പറ്റാതെ എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് മനസിലായി. മഴയുണ്ടായിരുന്നെങ്കിലും ഒരു സെക്കന്‍റ് പോലും വൈകാതെ തന്നെ ആംബുലന്‍സില്‍ കൊണ്ടുപോയി. ഞങ്ങള്‍ അവന്‍റെ കൂടെ ഉണ്ടായിരുന്നു'–അധ്യാപകന്‍ സുധീര്‍.

'കുട്ടി ക്രയോണ്‍ വിഴുങ്ങി എന്ന് പറഞ്ഞതാണ് എല്ലാത്തിനും നിമിത്തമായത്. തട്ടി കഴിഞ്ഞപ്പോള്‍ ഒരു കഷ്ണം പെന്‍സില്‍ പുറത്തുവന്നു. പിന്നീടും അവന്‍ പറയുന്നുണ്ടായിരുന്നു ഇനിയുമുണ്ടെന്ന് പറഞ്ഞു. പ്രാഥമിക ശുശ്രുഷ കൊടുത്തെങ്കിലും പ്രണവിന്‍റെ കണ്ണുരുണ്ട് പുറത്തേക്ക് വരുംപോലെ തോന്നി. ആശുപത്രിയിലേക്ക് പോകുംവഴി തന്നെ വയിറ്റീന്നുപോയിരുന്നു. ഞങ്ങള്‍ പോലും പിടിവിടുന്ന ഘട്ടത്തിലെത്തി. ഞങ്ങളെകൊണ്ട് കഴിയുന്നത്ര ചെയ്തു. പ്രണവിന്‍റെ അമ്മ സ്കൂളില്‍ മറ്റൊരു ക്ലാസില്‍ പങ്കെടുക്കാന്‍ വേണ്ടി വന്നിരുന്നു. പ്രണവിനെ ആശുപത്രിയിലെത്തിച്ച സമയത്ത് അമ്മയ്ക്ക് ബിപി കൂടി ഡോക്ടറെ കാണിച്ചു. എല്ലാവരുടെയും ടെന്‍ഷനും പ്രാര്‍ഥനയും പിന്നീട് ഫലം കണ്ടു'- അധ്യാപിക ജിനിയുടെ വാക്കുകള്‍. 

ഒന്നാം ക്ലാസുകാരന്‍ പ്രണവിന്‍റെ അവസ്ഥ കണ്ടു നിന്നതിന്‍റെ ഞെട്ടലും ഒടുവില്‍ സംഭവിച്ചകാര്യങ്ങളെല്ലാം നിമിത്തമായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ വയറ്റിൽനിന്ന് എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു.