കൃഷി നശിപ്പിച്ച് കാന്തല്ലൂരിൽ കാട്ടാനക്കൂട്ടം; കർഷകർ പ്രതിസന്ധിയിൽ

ശീതകാല പച്ചക്കറി കേന്ദ്രമായ മറയൂർ കാന്തല്ലൂരില്‍ കാട്ടാനശല്യം രൂക്ഷം. കാട്ടാനക്കൂട്ടം വൻ തോതില്‍ കൃഷി നശിപ്പിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് മറയൂരിലെ  കീഴാന്തൂര്‍, കാന്തല്ലൂര്‍, ആടിവയല്‍, പുത്തൂര്‍, പെരുമല ഗ്രാമത്തിലുള്ളവര്‍. എന്നാല്‍ ഇവിടുത്തെ  കൃഷിവിളകള്‍  കാട്ടാനകൂട്ടം നശിപ്പിക്കുന്നത് പതിവായി. ഒറ്റ രാത്രികൊണ്ടാണ് കൂട്ടമായെത്തിയ  മുപ്പതോളം വരുന്ന കാട്ടാനകൾ   കാബേജ്, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾ  തിന്നും ചവുട്ടിയരച്ചും നശിപ്പിച്ചത്.

ഈ സാഹചര്യം തുടരുന്നതിനാൽ  കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് തിരുപ്പൂരിലെ തുണിക്കമ്പനിയിലേക്കും മറ്റും ജോലി തേടി പൊയ്കൊണ്ടിരിക്കുകയാണ്.

പുത്തൂര്‍, പെരുമല ഗ്രാമങ്ങളിലെ വാഴയും മറ്റു വിളകളും പൂര്‍ണമായും നശിപ്പിച്ച  ശേഷം കീഴാന്തൂര്‍, കാന്തല്ലൂര്‍ ആടിവയല്‍ ഗ്രാമങ്ങളിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചു.  കഴിഞ്ഞ നാല്  വര്‍ഷങ്ങളായി കാട്ടാന ശല്ല്യം രൂക്ഷമാണ്.  ഒട്ടേറെ കര്‍ഷകരാണ് കൃഷിയിടം തരിശായി ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റ് ജോലികൾ  തേടുന്നത്.