കാട്ടാനശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി മറയൂര്‍ അഞ്ചുനാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി.  കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ കാട്ടാനകള്‍ പ്രദേശത്ത്  വ്യാപകമായി  കൃഷിനാശമുണ്ടാക്കി. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗശല്ല്യം തടയാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കാന്തല്ലൂര്‍ ഇടക്കടവ് സ്വദേശി ജയക്കുമാറിന്റെ കൃഷിയിടത്തിലെ നൂറ് വാഴകളാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ലക്ഷങ്ങള്‍ മുടക്കി വൈദ്യുതി വേലിപോലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും  വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടത്തിന്റെ കാടിറക്കം. ആന, കാട്ടുപോത്ത്, പന്നി, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളുടെയും  ശല്യവുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ മൃഗങ്ങളും കൃഷി നശിപ്പുക്കുന്നത് പതിവായതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

രാപകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലയിലെത്തുന്ന കാട്ടാനകള്‍ നാട്ടുകാരുടെ  ജീവനും ഭീഷണിയാണ്.  കൂടുതല്‍  വനംവകുപ്പ് വാച്ചര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.