ചികിത്സ തേടാൻ സംവിധാനമില്ല; അണക്കരയില്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തം

ഇടുക്കി അണക്കരയിൽ സര്‍ക്കാര്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.  ആശ്രയിക്കാന്‍  ആശുപത്രികളില്ലാതെ നാട്ടുകാര്‍ വലയുകയാണ്. രോഗികളുമായി നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.  

അണക്കര, പുറ്റടി, കുമളി പ്രദേശത്തെ നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് അത്യാഹിത വിഭാഗമെങ്കിലും സജീവമായുള്ള ആശുപത്രി. നിലവിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളുമില്ല.  മികച്ച ചികിത്സയ്ക്കായി കോട്ടയമടക്കമുളള സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. രോഗികളെയുമായി നൂറ് കിലോമീറ്ററെങ്കിലും യാത്ര ചെയ്യേണ്ടിവരും.

അണക്കരയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.    മന്ത്രി എം.എം മണിക്കും, നിയുക്ത എം.പി ഡീൻ കുര്യാക്കോസിനും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്. 

ആശുപത്രിക്ക് വേണ്ടി  ഫ്രണ്ട്സ് ഓഫ് അണക്കര എന്ന സമൂഹ മാധ്യമകൂട്ടായ്മയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണവും, സമരങ്ങളും  സജീവമാണ്.