ചപ്പാത്തിൻറെ ഉയരം കൂട്ടണമെന്ന ആവശ്യത്തിന് പരിഹാരമില്ല

എറണാകുളം കോതമംഗലം പൂയംകുട്ടി ചപ്പാത്തിൻറെ ഉയരം കൂട്ടണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമില്ല. കുടിയേറ്റഗ്രാമമായ മണികണ്ഠൻ ചാലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏകമാർഗമാണ് പൂയംകുട്ടി ചപ്പാത്ത്. മഴക്കാലത്ത് ചപ്പാത്തിനു മുകളിൽ കൂടി മലവെള്ളം ഒഴുകുന്നതോടെ മണികണ്ഠൻ ചാൽ ദിവസങ്ങളോളം പുറംലോകത്ത് നിന്ന് ഒറ്റപ്പെടും. 

കോതമംഗലത്തു നിന്ന് അന്പത് കിലോമീറ്റർ അകലെ വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന കുടിയേറ്റ ആദിവാസി ഗ്രാമമാണ് മണികണ്ഠൻ ചാൽ. പൂയംകുട്ടിയിൽ നിന്ന് വനത്തിലൂടെ 20 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. മഴക്കാലത്ത് പൂയംകുട്ടി ചപ്പാത്തിനു മുകളിലൂടെ മലവെള്ളം ഒഴുകുന്നതോടെ മണികണ്ഠൻ ചാൽ പൂർണമായി ഒറ്റപ്പെടും. ഇക്കാലത്ത് ആശുപത്രിയിലോ സ്കൂളിലോ പോകാൻ പോലും ഇവർക്ക് കഴിയില്ല. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2002ലാണ് ചപ്പാത്ത് നിർമിച്ചത്. പക്ഷേ മഴക്കാലത്ത് ചപ്പാത്തിനു മുകളിലൂടെ മലവെള്ളം ഒഴുുകുന്നതിനാൽ കാൽനട യാത്രപോലും സാധ്യമല്ല. ചപ്പാത്തിനു ഉയരം കൂട്ടുക മാത്രമാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗം

നേരത്തെ മണികഠ്ൻചാൽ സന്ദർശിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, ചപ്പാത്തിന് പകരം പാലം പണിയാൻ നടപടി എടുക്കണമെന്ന് നിർദേശിച്ചെങ്കിലും ഒന്നും നടന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഗ്രാമത്തിലെത്തുന്ന സ്ഥാനാർഥികൾ എല്ലാം ശരിക്കാമെന്ന് പറയുമെങ്കിലും ഒന്നും നടക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു