അരൂക്കുറ്റിയിലെ തീപിടിത്തം; ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അനധികൃതമായി

ആലപ്പുഴ അരൂക്കുറ്റിയില്‍ തീപിടിത്തമുണ്ടായ പ്ലാസ്റ്റിക് ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ. തീപിടിത്തത്തില്‍ ഒരുകോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.  

അരൂര്‍ ആയിരത്തെട്ട് ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടയ്്ക്ക് തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് തീപിടിച്ചത്. ഇടിമിന്നലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പള്ളുരുത്തി സ്വദേശിയുടേതാണ് കട. എളുപ്പത്തില്‍ തീപടരുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള അനുമതി പഞ്ചായത്തില്‍ നിന്ന്  ലഭിച്ചിട്ടില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തീപടരാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകളുമുണ്ടായിരുന്നില്ല.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.  തീപടരുന്നത് കണ്ട വഴിയാത്രക്കാര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുതൊഴിലാളികളെ വിളിച്ചുണര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.