ആനവിരട്ടി എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

മഹാപ്രളയകാലത്ത്  മണ്ണിടിച്ചിലില്‍  തകര്‍ന്ന ഇടുക്കി  ആനവിരട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍  പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.  വിദ്യാലയത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനാനനുമതി  ലഭിച്ചിട്ടില്ല.  നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത അധ്യായന വര്‍ഷം വിദ്യാലയത്തില്‍ നിന്ന്  കുട്ടികള്‍ കൂട്ടമായി കൊഴിഞ്ഞു പോയേക്കും. 

കഴിഞ്ഞ ഒാഗസ്റ്റ് മാസത്തിലായിരുന്നു  മണ്ണിടിഞ്ഞ് വീണ് ആനവിരട്ടി സ്‌കൂളിന്റെ കെട്ടിടത്തിന്  കേടുപാടുകള്‍ ഉണ്ടായത്.  ഇതോടെ  സ്‌കൂളിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി കൂമ്പന്‍പാറക്ക് സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. തുടര്‍ന്ന്  കെട്ടിടത്തിന്റെ  ബലക്ഷയം പരിഹരിച്ച്  മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചെയ്തു. സ്‌കൂളിന്റെ പ്രവര്‍ത്തനം പഴയകെട്ടിടത്തിലേക്ക് മാറ്റാന്‍ കാലതാമസം നേരിടുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി .

നിലവില്‍ നിര്‍മിച്ചിരിക്കുന്ന സംരക്ഷണ ഭിത്തിക്ക് മുകളില്‍ നിന്ന് മണ്ണ് നീക്കി മറ്റൊരു ഭിത്തി കൂടി നിര്‍മ്മിച്ചാല്‍ മാത്രമേ വിദ്യാലയം പൂര്‍ണ്ണമായി സുരക്ഷിതമാകുവെന്നാണ് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.  മധ്യവേനലവധിക്കാലത്ത് നിര്‍മാണം  പൂര്‍ത്തിയാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ്  ആവശ്യം.