നെടുങ്കണ്ടത്തെ വാനനിരീക്ഷണകേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളം

ഇടുക്കി നെടുങ്കണ്ടം മേഖലയിലെ വിദ്യാർഥികൾക്ക്  ശാസ്ത്ര സാങ്കേതിക വകുപ്പ് നിര്‍മിച്ച് നല്‍കിയ  വാനനിരീക്ഷണകേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായി. കേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടു. ലഹരി  ഉപയോഗിക്കാൻ വിദ്യാർഥികൾ ഉൾപ്പടെ പ്രദേശത്തു തമ്പടിക്കുന്നു എന്നും നാട്ടുകാർ പരാതിപ്പെടുന്നു. 

2010ൽ ആണ് നെടുങ്കണ്ടത്ത് പാർക്കും വാനനിരീക്ഷണ കേന്ദ്രവും നിർമിച്ചത്. വാനനിരീക്ഷണ കേന്ദ്രത്തിന്റെ മുകളിലെത്തിയാൽ തമിഴ്നാടിന്റെയും ഹൈറേഞ്ചിന്റെയും കാറ്റാടിപ്പാടത്തിന്റെയും  വിദൂര ദൃശ്യങ്ങളും കാണാം. ദിനംപ്രതി നൂറുകണക്കിനാളുകൾ വന്നെത്തിയിരുന്ന സ്ഥലമാണ് കാടുകയറിയത്. . 12 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കും അനുബന്ധ സൗകര്യങ്ങളും നിർമിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് എൽപി സ്‌കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. 

എന്നാൽ പിന്നീട് സ്ഥലം സംരക്ഷിക്കുന്നതിനു പഞ്ചായത്തിനു കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. പാർക്കിനുള്ളിൽ കൊടുംകാടാണ് വളർന്നു നിൽക്കുന്നത്   കുട്ടികളുടെ ഉല്ലാസത്തിനായി ഒരുക്കിയ  ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്.രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണിവിടം. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതിനായി ഇവിടെ  തമ്പടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.  ഗേറ്റും കെട്ടിടത്തിന്റെ ഷട്ടറുകളും ഇളക്കി മാറ്റി കുറെ ഭാഗങ്ങൾ മോഷണം പോവുകയും ചെയ്തു.