മഴയിലും കാറ്റിലും വ്യാപക കൃഷിനാശം

കനത്ത വേനലിലെത്തിയ  മഴയിലും കാറ്റിലും  ഇടുക്കി രാജാക്കാട് പ്രദേശത്ത്  വ്യാപക കൃഷിനാശം.  ശക്തമായ കാറ്റില്‍ ഒരേക്കറിലധികം വരുന്ന പാവല്‍തോട്ടം നിലംപതിച്ചു. പ്രളയത്തിന് ശേഷം കടംവാങ്ങിയിറക്കിയ കൃഷി കൂടി നശിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍

മഹാ പ്രളയത്തിലുണ്ടായ വന്‍ കൃഷി നാശത്തിന് ശേഷം ബാങ്ക് വായ്പയെടുത്തും  സ്വകാര്യ ബാങ്കുകളില്‍ നിന്ന്  കടം വാങ്ങിയുമാണ് ഹൈറേഞ്ചിലെ  കര്‍ഷകര്‍ കൃഷി പുനരാരംഭിച്ചത്. ഇത്തവണ മോശമല്ലാത്ത വില പച്ചക്കറിക്ക് ലഭിച്ചതും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.  എന്നാല്‍  അപ്രതീക്ഷിതമായെത്തിയ  മഴയിലും കാറ്റിലും കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.  രാജാക്കാട് പഴയവിടുതിയിലെ ഏക്കറ് കണക്കിന് പച്ചക്കറിത്തോട്ടമാണ്   നിലംപൊത്തിയത്. പഴയവിടുതി സ്വദേശി  ഷിബു പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ  ഒരേക്കറിലധികം വരുന്ന പാവല്‍തോട്ടവും  കാറ്റില്‍ നശിച്ചു.

വിളവെടുപ്പ് ആരംഭിച്ച സമയത്താണ് പാവല്‍ നശിച്ചത്. ആഴ്ചയില്‍ അറൂനൂറ് കിലോയോളം വിളവ് ലഭിച്ചിരുന്നതാണ്. ബാങ്ക് വായ്പയുടെ തിരിച്ചടവും മറ്റ് ചിലവുകളും മുമ്പോട്ട് പോയിരുന്നതും ഇതില്‍ നിന്നുള്ള വരുമാനംകൊണ്ടാണ്.  കൃഷി നശിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍