പുതുവൈപ്പിൽ സമരം ശക്തമാക്കി നാട്ടുകാർ

പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഐഒസിയുടെ നീക്കത്തിന് പിന്നാലെ സമരം ശക്തമാക്കി നാട്ടുകാര്‍. എല്‍പിജി സംഭരണകേന്ദ്രം പുതുവൈപ്പില്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പദ്ധതിപ്രദേശത്ത് ജീവന്‍ രക്ഷാവലയം തീര്‍ത്തു. ആയിരത്തോളം പേരാണ് വലയത്തില്‍ അണിചേര്‍ന്നത്.

പുതുവൈപ്പ് കടല്‍തീരത്തെ ജനതയ്്ക്കിത് പിറന്ന മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള പോരാട്ടമാണ്. അതിനാല്‍ തന്നെ പ്രായഭേദമന്യേ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രദേശവാസികള്‍ ഈ സമരപന്തലിലുണ്ട്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് 2017 ജൂണില്‍ നിര്‍ത്തവച്ച നിര്‍മാണം ഉടന്‍ പുനരാരംഭിക്കാനാണ് ഐഒസി യുടെ തീരുമാനം . നിയമാനുമതിയെല്ലാം ലഭിച്ച സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചു. ഭരണകൂടം നിലപാട് കടുപ്പിക്കുമ്പോള്‍ സമരരംഗത്ത് നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകുയാണ് നാട്ടുകാര്‍. ഐഒസി വിരുദ്ധസമരസമിതിയുെട നേതൃത്വത്തില്‍ പ്രകടനമായെത്തിയ നാട്ടുകാര്‍ പുതുവൈപ്പിനില്‍ ജീവന്‍ രക്ഷാവലയം തീര്‍ത്തും.  പിന്നീട് എല്ലാവരും ചേര്‍ന്ന് ഐഒസി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ആയിരത്തോളം പേരാണ് ജീവന്‍രക്ഷാവലയത്തില്‍ പങ്കാളികളായത്. 2010ല്‍ പാരിസ്ഥിതികാനുമതി ലഭിച്ചെങ്കിലും ജനകീയപ്രതിഷേധത്തെ തുടര്‍ന്നാണ് പുതുവൈപ്പ് പദ്ധതി ഐഒസി നിര്‍ത്തിവച്ചത്. ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സമരസമിതി തീരുമാനം.