പൊലീസ് സ്റ്റേഷൻ കാണാൻ അവരെത്തി; സന്തോഷത്തോടെ മടക്കം

ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച്, പൊലീസുകാരെക്കുറിച്ചുള്ള പേടിമാറ്റി കാഴ്ചപരിമിതിയുള്ള കുട്ടികള്‍. ആലുവയിലെ സ്കൂള്‍ ഫോര്‍ ദ് ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികളാണ് എറണാകുളം വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് പൊലീസുകാരുമായി ആശയവിനിമയം നടത്തിയത്. പഠനയാത്രയുടെ ഭാഗമായായാണ് സ്കൂൾ ഫോർ ദ ബ്ലൈന്‍ഡ് ആലുവയിലെ 26 കുട്ടികൾ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ കുട്ടികളെ ബോധവല്‍ക്കരിച്ചു. സ്റ്റേഷനില്‍ കയറിയിറങ്ങിയതോടെ പലരുടേയും പൊലീസിനെക്കുറിച്ചുണ്ടായിരുന്ന പേടി മാറി.

പൊലീസുകാര്‍ക്കുമുന്നില്‍ പാട്ടുപാടാനും ആരും മടികാണിച്ചില്ല.പൊലീസിനെ പേടിയുണ്ടായിരുന്ന പലരും ജീവിതത്തില്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയതും പൊലീസ് എന്നായിരുന്നു.എല്ലാവര്‍ഷവും സ്കൂളിലെ കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് പറയുന്നു.