പ്രളയത്തിനു പിന്നാലെ മഞ്ഞുവീഴ്ച്ചയും; വലഞ്ഞ് വട്ടവടയിലെ കർഷകർ

കനത്ത മഞ്ഞ് വീഴ്ചയില്‍ ശീതകാല പച്ചക്കറി കൃഷിയുടെ വിളനിലമായ വട്ടവടയില്‍ വ്യാപക കൃഷി നാശം. നൂറ്റി അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷികള്‍ കരിഞ്ഞുണങ്ങി. നശിച്ചത് പ്രളയത്തിന് ശേഷം പ്രതീക്ഷയോടെ നട്ടുപരിപാലിച്ച കൃഷിവിളകള്‍.

കേരളത്തിന്റെ പച്ചക്കറി  കലവറയായ  വട്ടവടയിലെ കര്‍ഷകര്‍ക്ക് ശക്തമായ മഞ്ഞ് വീഴ്ചയും കനത്ത തരിച്ചടിയായി മാറിയിരിക്കകയാണ്. പ്രളയത്തില്‍ കൃഷി പാടേ നശിച്ചതിന് ശേഷം രണ്ടാംഘട്ടമായി ഇറക്കിയ, വിളവെടുപ്പിന് പാകമായ കൃഷിയാണ് മഞ്ഞ് വീഴ്ചയില്‍ നശിച്ചത്. ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് ശേഷം ഉണ്ടാകുന്ന കനത്ത വെയിലും ചൂടുമാണ് കൃഷിവിളകള്‍ കരിഞ്ഞുണങ്ങുവാന്‍ പ്രധാന കാരണം. നൂറിലധികം വരുന്ന കര്‍ഷകരുടെ നൂറ്റി അമ്പോതോളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. കാബേജ്, ക്യാരറ്റ്, ബട്ടര്‍ ബീന്‍സ്, പട്ടാണി, അടക്കമുള്ള കൃഷികളാണ് കൂടുതലും നശിച്ചിരിക്കുന്നത്.  പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം  പ്രഖ്യാപിച്ചെങ്കിലും വട്ടവടയിലെ കര്‍ഷകര്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.

ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും നടത്തിയ കൃഷി പാടേ നശിച്ചതോടെ ഇനിയെന്ത് ചെയ്യമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വട്ടവടയിലെ കൃഷിയിടങ്ങള്‍ തരിശായി മാറുമെന്നതിന് സംശയമില്ല.