എങ്ങുമെത്താതെ രാജകുമാരി ടൂറിസം വികസനം

ഇടുക്കി രാജകുമാരി ബി ഡിവിഷന്‍ വ്യൂപ്പോയിന്റിന്റെ ടൂറിസം വികസനം എങ്ങുമെത്തിയില്ല. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കിയാൽ  പ്രദേശത്തേക്ക് സഞ്ചാരികൾ ഒഴുകിയെത്തും. എന്നാൽ ഇതുവരെ യാതൊരു നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം 

ഇടുക്കി രാജകുമാരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബി ഡിവിഷന്‍ മലമുകളിലെത്താം. പ്രകൃതി മനോഹരിത നിറഞ്ഞ മുള്ളം തണ്ട് മലനിരകളും നോക്കെത്താ ദൂരത്തോളം നിരന്ന് കിടക്കുന്ന മഞ്ഞക്കുഴി പാടശേഖരവുമെല്ലാം ഇവിടുത്തെ  മനോഹര കാഴ്ചകളാണ്. 

വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് ബി ഡിവിഷന്‍ വ്യൂപ്പോയിന്റ്. എന്നാല്‍ ഇവിടെ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

 പാറക്കെട്ടുകള്‍ നിറഞ്ഞ ഇവിടെ സുരക്ഷാ വേലികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.