തുറന്ന സ്ഥലത്ത് അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങൾ സംഭരിച്ച് എഫ്സിഐ

ഫുഡ് കോ‍പറേഷൻ ഓഫ് ഇന്ത്യയുടെ അങ്കമാലി ഗോഡൗണിൽ തുറന്ന സ്ഥലത്ത് അരിയും ഗോതമ്പുംഅടക്കമുള്ള ധാന്യങ്ങൾ സംഭരിക്കുന്നു. ഗോഡൌണുകളിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരിക്കേ ആണ് തീർത്തും അനാരോഗ്യകരമായ ചുറ്റുപാടിൽ ഇത്തരത്തിൽ ധാന്യങ്ങൾ സംഭരിക്കുന്നത്.

ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ നശിക്കാൻ ഇടവരുത്തുന്ന തരത്തിലാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അങ്കമാലി ഗോഡൌണിൽ ധാന്യങ്ങൾ സംഭരിക്കുന്നത്. ഗോഡൌണിനകത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെയാണ് ഗോഡൌണിന് പുറത്തെ ഈ ധാന്യസംഭരണം. വെറുമൊരു പോളിത്തീൻ കവർ മാത്രം ഉപയോഗിച്ച് മറച്ചാണ് ധാന്യങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നത്. മഴയും ഇഴജന്തുക്കളുടെ ശല്യവുമം മൂലം ധാന്യങ്ങൾ നശിക്കാനുള്ള സാധ്യത ഏറെ. സംസ്ഥാനത്തെ മറ്റ് ഗോഡൌണുകളിലും ഇത്തരത്തിൽ ധാന്യങ്ങൾ സംഭരിക്കാൻ നീക്കം നടക്കുന്നുണ്ട്. ഓരോ ഡിപ്പോകളിലും 120 മെട്രിക് ടൺ വീതമുള്ള 180 യൂണിറ്റുകളാണ് ഇത്തരത്തിൽ ശേഖരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഗോഡൌണിന് പുറത്ത് ധാന്യങ്ങൾ സംഭരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

എന്നാൽ ഉത്തരേന്ത്യയിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ കേരളത്തിലെത്തിക്കാനുള്ള നീക്കമാണ് ഇതെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഉത്തരേന്ത്യൻ ലോബിയെ സഹായിക്കാൻ എഫ്സിഐ അധികൃതർ കൂട്ടുനിൽക്കുകയാണെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ സംഭരിച്ച് കേടുവന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങൾ വഴി സാധാരണക്കാരിലേക്കെത്താനും സാധ്യതയേറെയാണ്. മൂന്നു വർഷം മുന്പ് ബാഗ്ലൂരിൽ തുറസായ ഇടങ്ങളിൽ ശേഖരിച്ച ടൺ കണക്കിന് ധാന്യങ്ങൾ നശിച്ച് പോയിരുന്നു